തിരുവല്ലയിൽ എസ്എഫ്ഐ പ്രതിഷേധം അക്രമാസക്തം; കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചുതകർത്തു

പത്തനംതിട്ട തിരുവല്ലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചുതകർത്തു. ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രവർത്തകർ കസേരയും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. (sfi protest thiruvalla congress)
ഇന്ന് രാവിലെ തിരുവല്ല കുറ്റപ്പുഴ മാർത്തോമാ കോളജിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. പ്രകടനത്തിൽ 100ലധികം പ്രവർത്തകരുണ്ടായിരുന്നു. മാർച്ച് തിരുവല്ല പഴയ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്തുള്ള ഓഫീസിനരികെ എത്തിയപ്പോൾ ചിലർ പൂട്ടുപൊളിച്ച് അകത്തുകടന്ന് കസേരയും മറ്റും നശിപ്പിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.
ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്സ്.
കൊലപാതകത്തിൽ അലക്സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്സ് കോളജിൽ നിന്ന് മുങ്ങി വീട്ടിലേക്ക് പോയിരുന്നു.
ധീരജിന്റെ കൊലപാതകത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെയും സുഹൃത്ത് ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോളജിലെത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖിൽ പൈലി പൊലീസിന് മൊഴി നൽകി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് മൊഴി.
ഇന്നലെയാണ് ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Story Highlights : sfi protest thiruvalla congress office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here