മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് ഏറ്റുമുട്ടൽ; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരുക്ക്

എറണാകുളം മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് ഏറ്റുമുട്ടൽ. അഞ്ച് മണിക്ക് തുടങ്ങിയ സംഘർഷം അര മണിക്കൂർ നീണ്ടുനിന്നു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരുക്ക് പറ്റിയിട്ടുണ്ട്. പൊലീസ് ലാത്തിവീശി.
ഇന്നലെ ധീരജിൻ്റെ കൊലപാറതകവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ പ്രതിഷേധങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തിരുന്നു. ഇതിനെതിരെയാണ് ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധ പ്രകടനത്തിൻ്റെ എതിരെ ഡിവൈഎഫ്ഐ പ്രകടനം വന്നതിനെ തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്.
അതേസമയം, ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോളജിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കൊല നടന്നതെന്ന കോൺഗ്രസ്, പൊലീസ് വാദങ്ങൾ തള്ളിയാണ് കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം. ധീരജിൻ്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ നടന്ന തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ ധീരജിനെ കുത്തിയ നിഖില്‍ പൈലി അടക്കം പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെ ധീരജിന് കുത്തേൽക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.
Story Highlights : cpim congress spat muvattupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here