പ്രതിരോധ താരങ്ങൾ ഗോളടിച്ചു; ഒഡീഷക്കെതിരെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് മുന്നിൽ

ഒഡീഷ എഫ്സിക്കെതിരായ ഐഎസ്എൽ രണ്ടാം പാദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലാണ്. നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ആദ്യ പകുതിയിലുടനീളം സമ്പൂർണാധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച ഗോളുകൾ തന്നെയാണ് നേടിയത്.
തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 29ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി. ലൂണയിൽ നിന്ന് പന്ത് സ്വീകരിച്ച്, ഇടതുപാർശ്വത്തിൽ നിന്ന് ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഒരു കർളിംഗ് ഷോട്ടിലൂടെയാണ് നിഷു കുമാർ വല കുലുക്കിയത്. 10 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു. ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഖബ്രയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.
Story Highlights : kerala blasters 2 goal odisha fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here