Advertisement

സുരക്ഷ ഉറപ്പാക്കാന്‍ ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ആഭരണങ്ങള്‍ കൈവശം വെയ്ക്കുന്നത് ക്രൂരതയല്ല: സുപ്രിംകോടതി

January 14, 2022
Google News 0 minutes Read

സുരക്ഷിതമായി സൂക്ഷിക്കാനായി മരുമകളുടെ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൈവശം വയ്ക്കുന്നത് മരുമകള്‍ക്കെതിരായ ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി. മരുമകളുടെ ആഭരണങ്ങള്‍ വാങ്ങിസൂക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെഷന്‍ 498എയുടെ നിര്‍വചനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സുപ്രിംകോടതി നിരീക്ഷിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെഷന്‍ 498 എ സ്ത്രീകള്‍ക്കുനേരെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന അതിക്രമങ്ങളാണ് നിര്‍വചിച്ചിരിക്കുന്നത്. ആഭരണം വാങ്ങിവയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഒരു അപ്പീല്‍ പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കുകയായിരുന്നു.തന്റെ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരനും ചേര്‍ന്ന് കൈവശം വെച്ചിരിക്കുകയാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഒരു യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ നല്‍കിയ പരാതിയാണ് കോടതി നിരീക്ഷണത്തിനാധാരം. ഗാര്‍ഹിക പീഢനം, വഞ്ചന മുതലായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി യുവതി നല്‍കിയ കേസില്‍ ഉള്‍പ്പെട്ട ഇവരുടെ ഭര്‍ത്താവ് തന്നെ അമേരിക്കയിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം.

അപേക്ഷയുമായി ഇയാള്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും ഹൈക്കോടതി അനുമതി നല്‍കിയിരുന്നില്ല. ഇത് മറികടക്കാന്‍ ഇയാള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയായ സഹോദരനെ നിയന്ത്രിക്കാതിരുന്നതും ഗാര്‍ഹിക അന്തരീക്ഷത്തില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ഭാര്യയോട് എല്ലാം സഹിക്കാന്‍ ഉപദേശിച്ചതും യുവാവ് ഭാര്യയുടെ നേര്‍ക്ക് കാണിച്ച ക്രൂരതയായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയില്‍ നിന്നകന്ന് ജോലിയുടെ ആവശ്യത്തിനായി അമേരിക്കയില്‍ തനിച്ച് ജീവിക്കുന്നതും അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here