സില്‍വര്‍ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതെന്ന് വി.ഡി സതീശന്‍

സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ പുറത്തിറക്കിയ സില്‍വര്‍ലൈന്‍ ഡിപിആര്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്ന് സതീശന്‍ ആക്ഷേപിച്ചു. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല സര്‍വ്വേകള്‍ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി എത്ര ടണ്‍ സാധനസാമഗ്രികള്‍ ആവശ്യമാണെന്ന് ഡിപിആറില്‍ കൃത്യമായി വിശദീകരിക്കുന്നില്ലെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കാന്‍ എത്ര അളവില്‍ പ്രകൃതിവിഭവങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. ഡിപിആര്‍ പുറത്തിറക്കുന്നതിന് മുമ്പായി സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണം
പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങളിലും വ്യക്തതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് 64,000 കോടി മാത്രമേ ചെലവ് വരികയുള്ളൂവെന്ന് സര്‍ക്കാര്‍ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. നീതി ആയോഗ് 2018ല്‍ പറഞ്ഞത് പദ്ധതിയ്ക്ക് 1,33,000 കോടി രൂപ ചെലവുവരുമെന്നാണ്. വില വര്‍ദ്ധനവ് കൂടി കണക്കിലെടുക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവ് രണ്ട് ലക്ഷം കോടിയിലേക്കെത്തുമെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. 80,000 യാത്രക്കാര്‍ ദിവസേനെയുണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രായോഗികമല്ലെന്നും അഹമ്മദാബാദിനെയും മുംബൈയേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയ്‌നുകളില്‍പോലും 36,000 യാത്രക്കാരെയാണ് പരമാവധി പ്രതീക്ഷിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here