Advertisement

പൊലീസ് ഓഫിസർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസ്; ആട് ആന്റണി സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

January 17, 2022
Google News 2 minutes Read
aadu antony appeal supreme court

സിവിൽ പൊലീസ് ഓഫിസർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം കഠിനതടവ് ശിക്ഷയ്‌ക്കെതിരെ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ( aadu antony appeal supreme court )

കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ, ആട് ആന്റണിക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തം കഠിനതടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നാണ് ആട് ആന്റണി സുപ്രിംകോടതിയെ സമീപിച്ചത്. 2012 ജൂണിലായിരുന്നു പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെയുള്ള ആക്രമണം. ഒളിവിൽ പോയ ആട് ആന്റണിയെ 2015 ഒക്ടോബറിലാണ് പിടികൂടിയത്.

കൗമാരക്കാലത്ത് ആടിനെ മോഷ്ടിച്ച കേസിൽ പിടിയിലായതോടെയാണ് ആന്റണിക്ക് ആട് ആന്റണി എന്ന് പേര് വന്നത്. ആട് മോഷ്ടാവിൽ നിന്ന് പിന്നീട് വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവായി ആട് ആന്റണി വളർന്നു. 2004 ൽ കവർച്ചാ കേസിൽ അറസ്റ്റിലായ ആട് ആന്റണി 2008 വരെ ജയിൽവാസം അനുഭവിച്ചു.

Read Also : ആട് ആന്റണിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ

2012 ജൂൺ 26നാണ് സിവിൽ പൊലീസ് ഓഫിസറായിരുന്ന മണിയൻ പിള്ളയെ ആന്റണി കൊലപ്പെടുത്തുന്നത്. തുടർന്ന് ഒളിവിൽ പോയ ആട് ആന്റണിക്കായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. 2015 ജൂലൈ 1ന് ആട് ആന്റണിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പൊലീസ്, കൊലപാതകിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.

ഏറെ നാളത്തെ തെരച്ചിലിനൊടുവിൽ 2015 ഒക്ടോബർ 12നാണ് ആട് ആന്റണിയെ പാലക്കാട്ടെ ഗോപാലപുരത്ത് നിന്ന് പിടികൂടുന്നത്. അന്ന് ആന്റണിയുടെ പേരിൽ 27 കേസുകളാണ് ഉണ്ടായിരുന്നത്. 2016 ജൂലൈ 27ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു.

Story Highlights : aadu antony appeal supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here