നഴ്‌സിംഗ് ഓഫീസറുടെ മരണത്തിൽ മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി

വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ സരിതയുടെ(45) നിര്യാണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം വകുപ്പിന് തീരാ നഷ്ടമാണ്. മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ്, കൊവിഡിനെ നിസാരമായി കാണരുത്. അതീവ ജാഗ്രത തുടരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിതക്ക് കൊവിഡ് ബാധിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് ഇവരെ മരണപ്പെട്ടതായി കണ്ടതെന്നും ബന്ധുക്കൾ അറിയിച്ചു. താലൂക്കാശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് കല്ലറയിൽ പുതുതായി തുടങ്ങിയ സി.എഫ്.എൽ.ടിസിയിൽ സരിതയ്ക്ക് ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ട് മാറിയതും. സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights : minister-veena-george-expressed-condolences
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here