Advertisement

വാതിലുകളില്ലാത്ത ഇന്ത്യയിലെ ‘ഗ്രാമം’

January 18, 2022
Google News 1 minute Read

തുറന്ന വിശാലമായ മൈതാനങ്ങളും ആളുകളുടെ ഒത്തുചേരലിനുള്ള പൊതു ഇടങ്ങളും സജീവമായ ഗ്രാമങ്ങൾ പണ്ട് നമുക്കേറെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എവിടെ അത്തരമൊരു വിശാലത കാണാം. മതിലുകളും ഗെയ്റ്റുകളും ഇല്ലാത്ത വീടുകൾ കാണുകപോലും ചുരുക്കമാണ്. അപ്പോൾ വാതിലുകൾ പോലും ഇലാത്ത വീടിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ, എന്നാൽ ഒരു വീട് മാത്രമല്ല ഒരു ഗ്രാമം മുഴുവൻ തുറന്നിട്ടിട്ടുണ്ട് നമ്മുടെ ഇന്ത്യയിൽ. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ‘ശനിഷിഗ്‌നാപൂർ ‘ എന്ന ഒരു കൊച്ചു ഗ്രാമത്തിലെ 4000 ത്തോളം വീടുകള്‍ക്കാണ് വാതിലുകള്‍ ഇല്ലാത്തത്.

വീടുകൾക്കോ സ്ഥാപനങ്ങൾക്കോ വാതിലുകളുടെ അടച്ചുറപ്പില്ല. എന്തിനധികം പറയുന്നു ബാങ്കുകൾക്ക് പോലും കതകുകളില്ല എന്ന് പറഞ്ഞാൽ അതിശയോക്തി ആണെന്ന് കരുതണ്ട, സത്യം അതാണ്. അതിൽ തന്നെ പകുതിക്കും ജനലുകളും ഇല്ല. എങ്കിലും ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളിൽ ‘സീറോ ക്രൈം റേറ്റാണ്. ചരിത്രത്തിൽ ആകെ മൂന്നു തവണ മാത്രമാണ് ശനിഷിഗ്‌നാപൂരിൽ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എങ്കിലും ഈ കേസിലെ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. മോഷണം സംശയിക്കപ്പെട്ട ആളെ പിന്നീട് ആരും കണ്ടിട്ടില്ല എന്നുള്ളതാണ് സത്യം. ഇതുതന്നെയാണ് ബാങ്കിന് പോലും വാതിൽ വേണ്ടെന്ന തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതും. യുണൈറ്റഡ് കോമേർഷ്യൽ (UCO ) ബാങ്കിന്റെ ശാഖയാണ് ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നത്. 2011 ലാണ് ഇവിടെ ആദ്യമായി വാതിലുകൾ ഇല്ലാത്ത ബാങ്ക് പ്രവർത്തനം തുടങ്ങിയത്.

ശനിഷിഗ്‌നാപൂര്‍ വാതിലുകൾ വേണ്ടെന്ന് വച്ചതിങ്ങനെ ലോകത്തെവിടെയും പൊതുവെ കേൾക്കാത്ത ഈ വിചിത്ര രീതിയ്ക്ക് കാരണമായി ശനിഷിഗ്‌നാപൂർ ഗ്രാമീണർ പറയുന്ന ഒരു ഐതീഹ്യമുണ്ട്. ഏകദേശം 300 വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളപ്പൊക്കമുണ്ടായിരുന്നു. അതിന് ശേഷം നസ്നാല നദിയുടെ തീരത്ത് കനത്ത പാറക്കല്ലുകൾ അടിഞ്ഞിരുന്നു.

തീരത്തടിഞ്ഞ പാറകളിൽ നാട്ടുകാർ വടികൊണ്ട് തട്ടിയപ്പോൾ പാറക്കലിൽ നിന്നും രകതം ഒഴുകാൻ തുടങ്ങി. അന്ന് രാത്രിയിൽ ഗ്രാമത്തലവന്റെ സ്വപ്നത്തിൽ ശനി പ്രത്യക്ഷപ്പെട്ടു. നദിത്തീരത്തടിഞ്ഞ പാറക്കല്ല് തന്റെ വിഗ്രഹമാണെന്നും അത് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, വിഗ്രഹം പ്രതിഷ്ഠിക്കുന്നത് തുറന്ന സ്ഥലത്തായിരിക്കണമെന്നും ഗ്രാമം മുഴുവൻ കാണുന്ന രീതിക്ക് വേണമെന്നും നിബന്ധന വച്ചു.

SONY DSC

അങ്ങനെ പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേൽക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണർ വിഗ്രഹം പ്രതിഷ്ഠിച്ചു. ഇതിനു ശേഷമാണ് ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകൾ വേണ്ടെന്ന് വച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ വാതിൽ നീക്കം ചെയ്യാൻ വിസമ്മതിച്ച വീട്ടുടമസ്ഥന് അപകടം സംഭവിച്ചുവെന്നും ഗ്രാമത്തിൽ കഥയുണ്ട്.

എന്നിരുന്നാലും, ശനിയാഴ്ചയിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാർ ഇവിടെ എത്തുന്നു. മികച്ച ജീവിത പങ്കാളിയെ ലഭിക്കാൻ ആണ് ഈ വഴിപാട്. ശനിക്ഷേത്രം തന്നെ ആണ് ഇവിടുത്തെ മുഖ്യ ജനാകർഷണ കേന്ദ്രം. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ തീര്‍ഥാടകർ എത്തിച്ചേരുന്നുണ്ട്. ഗ്രാമവാസികളിൽ കുറെയധികം പേർക്ക് ഇത് വഴി വരുമാനവും ലഭിക്കുന്നു.

Story Highlights : the-village-without-doors-shani-shingnapur-maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here