യോർക്‌ഷെയർ പരിശീലകനായി ഓട്ടിസ് ഗിബ്സൺ

യോർക്‌ഷെയർ മുഖ്യ പരിശീലകനായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഓട്ടിസ് ഗിബ്സണെ നിയമിച്ചു. വംശീയാധിക്ഷേപ വിവാദവുമായി ബന്ധപ്പെട്ട് ക്ലബ് പരിശീലക സംഘത്തെയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് അടക്കം മറ്റ് ഭരണസമിതിയെയും പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗിബ്സണെ മുഖ്യ പരിശീലകനാക്കിയത്. ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കേണ്ട രണ്ട് സഹപരിശീലകരെക്കൂടി ഉടൻ നിയമിക്കും. (Yorkshire Ottis Gibson Coach)
52കാരനായ ഗിബ്സൺ വെസ്റ്റ് ഇൻഡീസിനു വേണ്ടി രണ്ട് ടെസ്റ്റും 15 ഏകദിനങ്ങളുമാണ് ഗിബ്സൺ കളിച്ചിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റിൽ ഏറെക്കാലം കളിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമിൻ്റെ ബൗളിംഗ് പരിശീലകനായും ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളുടെ മുഖ്യ പരിശീലകനായും താരം പ്രവർത്തിച്ചിട്ടുണ്ട്.
Read Also : യോർക്‌ഷെയർ മാനേജിംഗ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ഡാരൻ ഗോഫ്
കഴിഞ്ഞ വർഷം സെപ്തംബറി ക്ലബ് മാനേജിംഗ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ഇംഗ്ലീഷ് പേസർ ഡാരൻ ഗോഫിനെ നിയമിച്ചിരുന്നു. ഡയറക്ടർ മാർട്ടിൻ മോക്സോൺ, മുഖ്യ പരിശീലകൻ ആൻഡ്രൂ ഗെയിൽ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതും ഡിസംബറിൽ തന്നെ ആയിരുന്നു. മോക്സോൺ ജോലിയിൽ നിന്ന് നേരത്തെ അവധിയെടുത്തിരുന്നു. അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ ഗെയിലിലെ അന്വേഷണവിധേയമായി ക്ലബ് സസ്പൻഡ് ചെയ്തിരുന്നു.
വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു. എംസിസി, പിസിഎ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ പരിപാടികൾ ആസൂത്രണം ചെയ്തത്. തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി മുൻ യോർക്‌ഷെയർ ക്രിക്കറ്റർ അസീം റഫീഖിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇസിബി 12 ഇന കർമപരിപാടികളുമായി രംഗത്തുവന്നത്.
ഡ്രസിംഗ് റൂമിലെ സംസ്കാരം മാറേണ്ടതുണ്ടെന്നതാണ് കർമപരിപാടികളിലെ പ്രധാന നിർദ്ദേശം. വംശീയ വെറിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാനും താരങ്ങളെയും അമ്പയർമാരെയും മറ്റ് സ്റ്റാഫുകളെയുമൊക്കെ പ്രേരിപ്പിക്കും. അതിനു വേണ്ട പരിശീലനവും ബോധവത്കരണവും നൽകും. ദക്ഷിണേഷ്യൻ താരങ്ങളെയും കറുത്ത വംശജരെയും പ്രൊഫഷണൽ ടീമുകളിൽ ഉൾപ്പെടുത്താൻ ക്രിയാത്മക നിലപാട് സ്വീകരിക്കും.
Story Highlights : Yorkshire appoint Ottis Gibson as Head Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here