രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍: തീരുമാനം എം എം മണി ഉള്‍പ്പെട്ട ക്യാബിനറ്റിന്റേതായിരുന്നെന്ന് സിപിഐ നേതൃത്വം

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടിയെ പരിപൂര്‍ണമായി പിന്തുണച്ച് സിപിഐ സംസ്ഥാന നേതൃത്വം. മുന്നണി തീരുമാനപ്രകാരം തന്നെയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും സിപിഐ നേതൃത്വം അറിയിച്ചു. റദ്ദാക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. 2019ല്‍ മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. എം എം മണി ഉള്‍പ്പെട്ട ക്യാബിനറ്റിന്റേതായിരുന്നു തീരുമാനമെന്നും അതിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു.
സിപിഐ നേതൃത്വത്തിന്റെ നിലപാടിനെ ശരിവെയ്ക്കുന്ന പ്രസ്താവന തന്നെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്നുമുണ്ടായത്. 2019ലെ ക്യാബിനറ്റ് തന്നെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തത് എന്ന് കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചു. പട്ടയം റദ്ദാക്കിയതിന്റെ ഭാഗമായി ആരേയും ഒഴിപ്പിക്കില്ല. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുകയാണെന്നും കോടിയേരി വിശദീകരിച്ചു. ഇടുക്കി ജില്ലയിലെ സിപിഐഎമ്മിന്റേയും സിപിഐയുടേയും ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Read Also : ‘എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം’;പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍
അതേസമയം പട്ടയവുമായി ബന്ധപ്പെട്ട വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് എം എം മണി പ്രതികരിച്ചത്. രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ സിപിഐഎം ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പട്ടയം ലഭിക്കുന്നതിന് മുന്‍പ് പാര്‍ട്ടി ഓഫീസ് അവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രവീന്ദ്രന്‍ പട്ടയം നല്‍കിയത് സര്‍ക്കാര്‍ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രന്‍ മുട്ടില്‍ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വന്‍കിടക്കാര്‍ക്ക് ഭൂമി നല്‍കിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.
Story Highlights : cpi response on raveendran pattayam cancellation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here