Advertisement

റവന്യുവകുപ്പ് നീക്കം സംശയകരം; രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ എം.ഐ രവീന്ദ്രന്‍

January 20, 2022
Google News 2 minutes Read
m i raveendran

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്ന വിഷയത്തില്‍ റവന്യുവകുപ്പ് നീക്കം സംശയകരമെന്ന് മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന നീക്കം സംശയകരമാണ്. വിഷയത്തില്‍ റവന്യൂമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയാണെന്നും എംഐ രവീന്ദ്രന്‍ ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പ്രതികരിച്ചു.(m i raveendran)

അതേസമയം രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ രാജന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. പട്ടയം റദ്ദാക്കാന്‍ തീരുമാനമെടുത്തത് 2019ലെ മന്ത്രിസഭയാണെന്ന് അദ്ദേഹം വിശദീകരിച്ചു. പട്ടയത്തില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കുന്നതിന് വേണ്ടി മാത്രമാണ് നടപടി. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിലവില്‍ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ നികുതി അടയ്ക്കാന്‍ പോലുമോ കഴിയുന്നില്ല. ഈ അവസ്ഥ പരിഹരിക്കുന്നതിനാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രന്‍ പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങളിലെ വീഴ്ച പരിശോധിച്ച് അര്‍ഹരായ ആളുകള്‍ക്ക് പട്ടയം ഉറപ്പുവരുത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ 2019ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പിന്നീട് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാബിനറ്റ് ഈ യോഗത്തിലെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ അതേ വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് നിയോഗിക്കപ്പെട്ട സമിതി ഈ പട്ടയങ്ങള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി അര്‍ഹതയുള്ളവര്‍ക്ക് പട്ടയങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നെന്നും മന്ത്രി പറയുന്നു. 2019ലെ മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുന്നതിനായി അടിയന്തിര പ്രാധാന്യമുള്ള നിര്‍ദ്ദേശം നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് കൂടിയാണ് റവന്യൂ വകുപ്പിന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : മീം പരിചയം; തംപ്സ് അപ്പ് ക്രൈയിങ് ക്യാറ്റ്

1999ല്‍ നല്‍കിയ 530 പട്ടയങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കാനൊരുങ്ങുന്നത്. റവന്യു അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് ആണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Story Highlights : m i raveendran, k rajan, raveendran pattayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here