Advertisement

‘എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം’;പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

January 20, 2022
Google News 2 minutes Read

താന്‍ അനുവദിച്ച പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് പിന്നില്‍ മുന്‍മന്ത്രി എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്താണ് ഇത്രയും ഗുരുതരമായ ഒരു ജനകീയ പ്രശ്‌നത്തിന് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി തിരിച്ചുവന്നാല്‍ എന്തായാലും ആ ഉത്തരവിനൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. മൂന്നാറിലെ സിപിഐഎമ്മിന്റെ ഓഫീസിനേയും എം എം മണിയേയുമാണ് ഉത്തരവ് ലക്ഷ്യം വെക്കുന്നത്. പട്ടയങ്ങള്‍ റദ്ദാക്കിയാല്‍ സര്‍ക്കാര്‍ വലിയ നിയമക്കുരുക്കിലേക്ക് പോകുമെന്നും പട്ടയങ്ങള്‍ ഒരു കാരണവശാലും റദ്ദാക്കരുതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനായി ഇവ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു രവീന്ദ്രന്റെ പ്രതികരണം. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1999ല്‍ ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ ഇടുക്കിയില്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങളെ സാധൂരിക്കുന്ന രീതിയിലാണ് ഈ പട്ടയങ്ങള്‍ വിതരണം ചെയ്തത്.

Read Also : രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; സർക്കാർ ഉത്തരവ് തള്ളി മുൻ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ

പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എം ഐ രവീന്ദ്രന്‍ പട്ടയമനുവദിച്ച വില്ലേജുകളില്‍ മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ച യോഗ്യത ഉറപ്പാക്കുകയും ഭൂപതിവിനാവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി തഹസില്‍ദാര്‍ക്ക് കൈമാറുകയും വേണം. ഈ വില്ലേജുകളില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ രണ്ട് സര്‍വേയര്‍മാരും ഒരു റവന്യു ഇന്‍സ്പെക്ടറും രണ്ട് സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. ഇതിനായി ലാന്‍ഡ് റവന്യു കമ്മിഷണറെയും ഭൂരേഖ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 45 ദിവസത്തേക്ക് മാത്രമാണ് പ്രത്യേക സംഘത്തിന്റെ നിയമനം. ഈ ദിവസത്തിനുള്ളില്‍ പട്ടയം പുതുതായി പതിച്ചുനല്‍കുന്നവരുടെ കാര്യത്തിലടക്കം നടപടികള്‍ പൂര്‍ത്തീകരിക്കണം.

ലഭ്യമായ അസൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ദേവികുളം തഹസില്‍ദാര്‍ സമയബന്ധിതമായി നടപടിയെടുക്കണം. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസൈന്‍മെന്റ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കണം.കണ്ണന്‍ദേവന്‍ ഒഴികെയുള്ള വില്ലേജുകളിലെ ഭൂമി അര്‍ഹരായവര്‍ക്ക് രണ്ടുമാസത്തിനകം ഭൂമി നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Story Highlights : M.I Raveendran against revenue department order to cancel title deed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here