Advertisement

സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നത് ശാസ്ത്രീയ രീതി പിന്തുടര്‍ന്നാണെന്ന് എം എ ബേബി

January 21, 2022
Google News 1 minute Read

കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ ന്യായീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശാസ്ത്രീയ രീതി പിന്തുടര്‍ന്നാണ് സിപിഐഎം സമ്മേളനങ്ങള്‍ നടത്തുന്നത് എന്നായിരുന്നു എം എ ബേബിയുടെ വിശദീകരണം. വാക്‌സിന്‍ വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കൊവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സിപിഐഎഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ അഭിപ്രായവ്യത്യാസമെന്ന വാര്‍ത്തയേയും എം എ ബേബി തള്ളി. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനായി ചൈന ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചൈനയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ സിപിഐഎം അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം സമ്മേളനങ്ങളെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനങ്ങള്‍ നടക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്.

Read Also : സംസ്ഥാനത്ത് ഇന്ന് 41,668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ വീണ്ടും ഉയർന്നു

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളെ വിമര്‍ശിച്ച് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് മാനദണ്ഡം യുക്തിസഹമാണോ എന്ന് ചോദിച്ച കോടതി 50ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചത് എന്നാണ് കോടതി ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ തിരുവനന്തപുരം സ്വദേശിയായ വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. കാസര്‍ഗോഡ് ജില്ലയില്‍ സിപിഐഎം സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ കളക്ടര്‍ ഇളവ് നല്‍കിയതെന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ചശേഷം ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിലക്കി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Story Highlights : M A Baby justifies cpim meetings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here