അട്ടപ്പാടിയില്‍ 25 മാസത്തിനിടെ മരിച്ചത് 23 നവജാത ശിശുക്കള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

അട്ടപ്പാടിയില്‍ കഴിഞ്ഞ 25 മാസത്തിനിടെ മരിച്ചത് 23 കുഞ്ഞുങ്ങളെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ കുടുംബങ്ങള്‍ക്കായി ഓരോ ലക്ഷം രൂപ വീതം 23 ലക്ഷം രൂപ നീക്കിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനമായി. വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം സംഭവിച്ചതെന്നും രേഖകളില്‍ പറയുന്നു.
2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശുമരണങ്ങളുടെ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. അട്ടപ്പാടിയില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ശിശുമരണങ്ങളില്‍ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ നേരത്തേ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഈ മാസവും ആദ്യവാരം അട്ടപ്പാടിയില്‍ നവജാത ശിശുമരണം റിപ്പോര്‍്ടട് ചെയ്തിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9 ശിശുമരണങ്ങളും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 12 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.
തുടര്‍ച്ചയായി ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും വിമര്‍ശനമുയര്‍ന്നപ്പോള്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയുമുണ്ടായി. അതിനിടെ കഴിഞ്ഞ ഡിസംബറില്‍ അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ നേതാവും ആരോഗ്യവകുപ്പിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. ശിശുമരണങ്ങളുണ്ടായ ഊരുകളിലെത്തിയ വി.ഡി സതീശന്‍ അട്ടപ്പാടിയില്‍ നടക്കുന്നത് കൊലപാതകങ്ങളെന്നാണ് വിശേഷിപ്പിച്ചത്.
Read Also : അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ
പോഷകാഹാരക്കുറവും മൂലം നിരവധി കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ പോയവര്‍ഷങ്ങളില്‍ മരിച്ചത്. ഇക്കാരണം കണക്കിലെടുത്ത് സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതി 175 അംഗനവാടികള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അട്ടപ്പാടിയിലെ ഊരുകളിലെ സ്ത്രീകളുടെയും അവരില്‍ ഗര്‍ഭിണികളായവരുടെയും കണക്കെടുത്ത് അവരില്‍ 200ഓളം പേര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളതാണെന്ന് കണ്ടെത്തി. പോഷകാഹാര വിതരണമടക്കമുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താനുള്ള നീക്കം വേഗത്തിലാക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാക്കുകള്‍.
Story Highlights : attappady child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here