Advertisement

ദിലീപിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്; അന്വേഷണം ഫലപ്രദമായി പൂര്‍ത്തീകരിക്കുമെന്ന് വിശ്വാസമുണ്ട്: എഡിജിപി എസ്.ശ്രീജിത്ത്

January 23, 2022
Google News 2 minutes Read
ADGP S.sreejith

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടക്കുന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. അതേസമയം അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി സത്യം തെളിയിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഡിജിപി എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എഡിജിപി എസ്.ശ്രീജിത്തിന്റെ വാക്കുകള്‍:
മൂന്നുദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്. അത് കൃത്യമായി ചെയ്യും. കേസന്വേഷണത്തിന്റെ ഭാഗമായി ഈ അഞ്ചുപേരെ കൂടാതെ മറ്റാരെയെങ്കിലും ചോദ്യം ചെയ്യുന്നതിലും നിലവില്‍ തടസങ്ങളില്ല. കേസ് ഫലപ്രദമായി അന്വേഷിച്ച് സത്യം തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. അന്വേഷണം കൃത്യമായി നടത്തുകയാണ് ചെയ്യുന്നത്. അതിന്റെ റിസള്‍ട്ട് എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല. കേസ് സെന്‍സിറ്റീവ് ആണോ അല്ലയോ എന്നൊന്നും ഇവിടെ വിഷയമല്ല. സത്യം തെളിയിക്കുക മാത്രമാണ് വേണ്ടത്’.

ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നല്‍കിയ സത്യവാങ്മൂലം ട്വന്റിഫോറിന് ലഭിച്ചു. ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു. ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ബാലചന്ദ്ര കുമാറിന് ശത്രുതയായി. ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Read Also : ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു, പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി: ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് / 24 Exclusive

ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ദിലീപിനെ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാം. എന്നാല്‍, പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.

Story Highlights : ADGP S.sreejith, actress attack case, dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here