Advertisement

ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; നിര്‍ണായക തെളിവായ ഫോണുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് നീക്കം

January 25, 2022
Google News 2 minutes Read
dileep case crime branch

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് ദിവസമായി ദിലീപ് അടക്കമുള്ള പ്രതികളെ 33 മണിക്കൂറാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഗൂഡാലോചന കേസിലെ പ്രധാന തെളിവുകളിലൊന്നായ ഫോണുകള്‍ പ്രതികള്‍മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അഞ്ച് ഫോണുകളാണ് പ്രതികള്‍ മാറ്റിയത്. അടിയന്തരമായി ഈ അഞ്ച് ഫോണുകളും അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.(dileep case crime branch)

നടന്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും രണ്ട് ഫോണുകളും ദിലീപിന്റെ സഹോദരീഭര്‍ത്താന് സുരാജിന്റെ ഒരു ഫോണുമാണ് പ്രതികള്‍ ഒളിപ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ തന്നെ പ്രതികള്‍ ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ ക്രൈംബ്രൈാഞ്ച് ശേഖരിച്ചുവരികായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ വേറെ ഫോണുകളാണ് ഹാജരാക്കിയതെന്ന് കണ്ടെത്തിയത്. ഫോണുകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രതികള്‍ക്ക് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിനിടെയാണ് നോട്ടീസ് നല്‍കിയത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെയും മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചു. തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ അഭിഭാഷകന്‍ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരോട് അഭിഭാഷകന്‍ പറഞ്ഞു. സാമ്പത്തികമായി താന്‍ ബുദ്ധിമുട്ടിലായിരുന്നെന്നും തന്നോട് പറഞ്ഞിരുന്നു. ബാലചന്ദ്രകുമാര്‍ അയച്ച വാട്സ്ആപ് ചാറ്റുകള്‍ അഭിഭാഷകന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങളില്‍ നിന്ന് ദിലീപിന്റെ ശബ്ദം താന്‍ തിരിച്ചറിഞ്ഞതായി സംവിധായകന്‍ വ്യാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനൊപ്പം മറ്റ് ചിലരുടെ ശബ്ദങ്ങള്‍ കൂടി അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ദിലീപ് അടക്കമുള്ളവരെ തനിക്ക് അറിയാമായിരുന്നു എന്ന് വ്യാസന്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവരുമായി ബന്ധമുണ്ട്. നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദിലീപിന്റെ മൊഴിക്ക് വിരുദ്ധമാണ് വ്യാസന്‍ നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് പറയുന്നു.

കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നല്‍കി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അത് പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹര്‍ജികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്റെ കോടതി അലക്ഷ്യ ഹര്‍ജിയാണ് മാറ്റിവച്ചവയിലൊന്ന്.

Read Also : ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഓര്‍ഡിനന്‍സ്; മുസ്‍ലിം ലീഗ്

ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തല്‍. ‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്ന് ദിലീപ് ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകള്‍ എടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായി ഗൂഡാലോചന കേസെടുത്തത്.

Story Highlights : dileep case crime branch, conspiracy, actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here