ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താരം ഇപ്പോൾ വീട്ടിൽ ക്വാറൻ്റീനിലാണ്.
കഴിഞ്ഞ വർഷം നവംബറിലും തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് ചിരഞ്ജീവി അറിയിച്ചിരുന്നു. എന്നാൽ, മൂന്ന് ദിവസങ്ങൾക്കു ശേഷം, പരിശോധനാ ഫലം തെറ്റിയതാണെന്നറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേർ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. ഏഴ് മാസം കൊണ്ടാണ് മൂന്നു കോടിയിൽ നിന്ന് നാലുകോടിയായി കൊവിഡ് കേസ് ഉയർന്നത്. മൂന്നാം തരംഗത്തിൽ മാത്രം ഇതുവരെ 50 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിന് താഴെയായത് ആശ്വാസകരമായി. 665 പേർ മരിച്ചു. 3 ലക്ഷത്തിനടുത്ത് ആളുകൾ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 16.16 ശതമാണ് ടി പി ആർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയിൽ ഫെബ്രുവരി ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കും. ഡൽഹിയിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
Story Highlights : Chiranjeevi Tests Positive Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here