ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: ഹരക് സിംഗ് റാവത്തിനെ മത്സരിപ്പിക്കുന്നതില്‍ സമവായമായില്ല; പട്ടിക വൈകുന്നു

ഉത്തരാഖണ്ഡിലെ ശേഷിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ഥി പട്ടിക വൈകുന്നു. ബിജെപി വിട്ടെത്തിയ ഹരക് സിംഗ് റാവത്തിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സമവായമായില്ല. ശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും ഹരക് സിംഗ് റാവത്തിന്റെ പേരില്ലെങ്കില്‍ അദ്ദേഹം ഇലക്ട്രോള്‍ രാഷ്ട്രീയം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങള്‍ ഹരക് സിംഗിന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിലും ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന്റെ കാര്യത്തിലും അതീവ നിര്‍ണായകമാകും.
2016 ല്‍ ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയിലേക്ക് പ്രവേശിച്ച ഹരക് തിരിച്ചെത്തിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള അതൃപ്തി ശക്തമായിതന്നെ തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടിത്തരുമെന്നാണ് റാവത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്വന്തക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്നാണ് ഹരക് റാവത്ത് ബിജെപിയുമായി അകലുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് റാവത്തിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതിന് കോണ്‍ഗ്രസിന് മുന്നില്‍ വിലങ്ങുതടികള്‍ ഏറെയുണ്ട്.
Read Also : ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ല…
തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ഉത്തരാഖണ്ഡില്‍ ചൂടുപിടിക്കുമ്പോള്‍ കളം പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും ഒരുങ്ങുകയാണ്. പത്ത് മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി രണ്ടിന് പ്രകടന പത്രിക പുറത്തിറക്കുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടേയും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടേയും സാന്നിധ്യത്തിലാണ് പട്ടിക പുറത്തിറക്കുന്നതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
ആകെയുള്ള 70 സീറ്റില്‍ 57 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ബിജെപി ഉത്തരാഖണ്ഡില്‍ അധികാരത്തില്‍ വന്നത്. പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിനാകട്ടെ 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിലവില്‍, ആറ് നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ള 53 ബിജെപി എംഎല്‍എമാരില്‍ 14 പേരോളം കോണ്‍ഗ്രസ് വിട്ടു വന്നവരാണ്. ഇവര്‍ ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്നുള്ള ഭയം ബിജെപിക്കുണ്ട്.
Story Highlights : Harak Singh Rawat will be out of electoral politics if he get no seat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here