ബജറ്റ് 2022: വിപണി പ്രതീക്ഷിക്കുന്ന ശുഭവാര്‍ത്തകള്‍ ഇവയാണ്

കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ശക്തമാകുന്നതിനിടെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെയും അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റേയും സമ്മര്‍ദ്ദം ബജറ്റ് അടുമ്പോള്‍ വിപണിയും താങ്ങേണ്ടി വരുന്നുണ്ട്. എന്നിരിക്കിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നികുതി വരവുണ്ടായതിന്റെ ആശ്വാസവും ഇത്തവണയുണ്ട്. ഇന്ത്യന്‍ വിപണിയെ അറിഞ്ഞ് നിക്ഷേപിക്കുന്നതിനായി ബജറ്റിന് മുന്‍പുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥയെ വിലയിരുത്തുമ്പോള്‍ ധനമന്ത്രിയില്‍ നിന്നും വിപണി പ്രതീക്ഷിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.
2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. എങ്കിലും ഐടി മേഖലയ്ക്ക് വലിയ കുതുപ്പുണ്ടാക്കാന്‍ ഉതകുന്ന സാഹചര്യം ഇത്തവണ സൃഷ്ടിക്കപ്പെടുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ഐടി ഓഹരിവിലയില്‍ വലിയ കുതിപ്പുണ്ടായത് വിപണിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധനകമ്മിയെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍.
ഉരുക്ക്, ഊര്‍ജം, മുതലായ മേഖലകളില്‍ സുസ്ഥിര വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വലിയ പ്രോത്സാഹനമുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്നതിനാല്‍ അതിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആരോഗ്യരംഗത്തെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണത്തിന് ബജറ്റില്‍ ഇത്തവണയും വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വീണ്ടെടുപ്പിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന പുത്തന്‍ നയങ്ങളിലാണ് വിപണിയുടെ പ്രതീക്ഷ. മൂലധന ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികളുണ്ടാകും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.
Story Highlights : what Indian markets expect from union budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here