Advertisement

ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഒഴിവാക്കണം; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

January 28, 2022
Google News 1 minute Read
dileep arrest prosecution

ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഒഴിവാക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മൊബൈൽഫോൺ ഹാജരാക്കാൻ ദിലീപിന് നിർദ്ദേശം നൽകണമെന്നും ഉപഹർജിയിൽ ആവശ്യം ഉന്നയിച്ചു. ഹൈക്കോടതി വിധി അനുകൂലമായാല്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതിന് മുന്നോടിയായാണ് അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന ആവശ്യം. ( dileep arrest prosecution )

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ തെളിവ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

അതേസമയം, കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരി​ഗണിക്കണമെന്ന പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. കേസ് ഇന്ന് 1.45 പരി​ഗണിക്കും. ഇന്ന് രാവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ചേംബറിൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

Read Also : ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തി : ക്രൈംബ്രാഞ്ച്

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിവച്ചത്. എന്നാൽ വീണ്ടും പ്രോസിക്യൂഷൻ തന്നെയാണ് ഇന്ന് ജാമ്യഹർജി പരി​ഗണിക്കാൻ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

കേസിൽ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഇതിനു തയ്യാറായിരുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം. ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും, ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപ് മറുപടി നൽകി. അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കോടതിയിൽ നൽകാമെന്നും ദിലീപ് വ്യക്തമാക്കി.

Story Highlights : dileep arrest prosecution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here