ബജറ്റ് 2022: വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത് സമയോചിതമായ പരിഷ്‌കരണത്തിനുള്ള പ്രഖ്യാപനങ്ങള്‍

വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകാനുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. കൊവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ നേരിടാനുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ സമ്പ്രദായത്തിന് ഊന്നല്‍ നല്‍കുന്ന പരിഷ്‌കാരങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യം. ഈ പശ്ചാത്തലത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ എട്ട് മുതല്‍ ഒന്‍പത് ശതമാനം വിദ്യാഭ്യാസ മേഖലയുടെ കാലാനുസൃതമായ പരിഷ്‌കരണത്തിനായി നീക്കി വെക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ ഡിജിറ്റലൈസേഷന്‍ വരെയുള്ള വിദ്യാഭ്യാസ മേഖലയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് നഴ്‌സറി ക്ലാസുകള്‍ മുതല്‍ ഹയര്‍സെക്കന്ററി വരെ പഠിക്കുന്ന 250 ദശലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കൊവിഡ് വന്നതോടെ ഡിജിറ്റല്‍ രീതികളിലേക്ക് മാറിയ പഠനരീതി ഇനിയും തുടരേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. അധ്യാപകരും വിദ്യാര്‍ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സബ്‌സിഡി അടക്കമുള്ള ഇളവുകള്‍ ലഭിക്കണമെന്നാണ് വിദ്യാഭ്യാസരംഗം ആഗ്രഹിക്കുന്നത്.
Read Also :ബജറ്റ് പ്രതീക്ഷകള്‍ ടോപ് ഗിയറില്‍; ഓട്ടോമൊബൈല്‍ മേഖലയുടെ കണക്കുകൂട്ടല്‍ ഇങ്ങനെ
രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നതും ഗൗരവപൂര്‍വം കാണേണ്ടുന്ന വിഷയമാണ്. ക്ലാസുകള്‍ ഓണ്‍ലൈനായതോടെ ഡിജിറ്റല്‍ അന്തരം വര്‍ധിച്ചുവരുന്നതും ഗ്രാമപ്രദേശത്തെ വിദ്യാര്‍ഥികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. പൊതുവിദ്യാഭ്യാസത്തിന് ബജറ്റ് തുക 10 ശതമാനത്തോളം വര്‍ധിപ്പിക്കുമെന്നാണ് വിദ്യാഭ്യാസരംഗത്തിന്റെ പ്രതീക്ഷ. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.
Story Highlights : what education sector expects from union budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here