Advertisement

‘ബജറ്റ് മാത്രമല്ല ചര്‍ച്ച ചെയ്യുക’; പെഗാസസും വിലക്കയറ്റവും ഉള്‍പ്പെടെ സഭയില്‍ ഉന്നയിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

January 31, 2022
Google News 2 minutes Read

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ബജറ്റേതര വിഷയങ്ങളും ഉന്നയിച്ച് ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പെഗാസസ് സ്‌പൈവെയര്‍ വിഷയത്തില്‍ പ്രതിപക്ഷം അവകാശലംഘന പ്രമേയ നീക്കം ഉള്‍പ്പെടെ നടത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സ്‌പൈവെയറുമായി ബന്ധപ്പെട്ട വിഷയം കൂടാതെ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നം, സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. പരിഹരിക്കപ്പെടാതെ കിടക്കുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

പെഗാസസ് വിഷയം വര്‍ഷകാല സമ്മേളനം മുതല്‍ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു.വര്‍ഷകാല സമ്മേളന വേളയില്‍ പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റ് ശബ്ദമുഖരിതമായി. പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഭരണ കക്ഷി ഈ ചര്‍ച്ചകളെ പ്രതിരോധിച്ചത്. സത്യം ഒടുവില്‍ പുറത്തുവന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

2017ല്‍ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ സ്‌പൈവെയര്‍ വാങ്ങിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാരിനും ഐടി മന്ത്രി അശ്വിനി വൈഷ്ണുവിനുമെതിരെ പ്രത്യേകാവകാശ പ്രമേയ അവതരണത്തിനായി ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ”ചാരപ്രവര്‍ത്തനം” സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

കാര്‍ഷിക ദുരിതം, ചൈനീസ് കടന്നുകയറ്റം, കൊവിഡ് 19 ഇരകള്‍ക്ക് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെടല്‍, എയര്‍ ഇന്ത്യയുടെ വില്‍പ്പന, പെഗാസസ് തര്‍ക്കം തുടങ്ങിയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ സമാന ചിന്താഗതിക്കാരായ കക്ഷികളെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

Story Highlights : congress will discuss pegasus and other issues in budget meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here