Advertisement

ഗൂഗിളിന്റെ 100 കോടി ഡോളര്‍ നിക്ഷേപം: എയര്‍ടെല്‍ ഓഹരി വിലയില്‍ വന്‍ കുതിപ്പ്

January 31, 2022
Google News 1 minute Read

ആഗോള ഭീമന്‍ ഗൂഗിള്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഭാരതി എയര്‍ടെല്‍ ഓഹരികളില്‍ വന്‍ കുതിപ്പ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ ഗൂഗിള്‍ 100 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. നിക്ഷേപത്തിന്റെ ആദ്യഘട്ടത്തില്‍ 700 കോടി ഡോളര്‍ നല്‍കി എയര്‍ടെല്ലിന്റെ 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. പിന്നീട് കരാറുകളുടെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന 300 കോടി ഡോളറുകള്‍ കൂടി നല്‍കാനാണ് തീരുമാനം. കമ്പനിയുടെ ഡിജിറ്റലൈസേഷന്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗൂഗിളിന്റെ നീക്കം. നിക്ഷേപത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഓഹരി വിപണിയില്‍ എയര്‍ടെല്ലിന് വലിയ കുതിപ്പുണ്ടാകുകയാണ്. ഗൂഗിള്‍ നിക്ഷേപം വിപണിയില്‍ എയര്‍ടെല്‍ ഓഹരികള്‍ക്ക് 30 ശതമാനം വരെ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശരാശരി ഇന്ത്യന്‍ ബജറ്റിന് താങ്ങാനാകുന്ന വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കുന്നതിനായി ഗൂഗിള്‍- എയര്‍ടെല്‍ സഹകരണം പ്രയത്‌നിക്കുമെന്നാണ് പ്രഖ്യാപനം. ഇത് കൂടാതെ 5 ജി നെറ്റ് വര്‍ക്കിന്റെ വികസനം, ക്ലൗഡ് സാങ്കേതിക വിദ്യയുടെ വിപുലീകരണം മുതലായവയ്ക്കും ഇരുകമ്പനികളും ഊന്നല്‍ നല്‍കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റായ ജിയോയിലും ഗൂഗിള്‍ വലിയ നിക്ഷേപം നടത്തിയിരുന്നു. 2020 ജൂലൈ മാസത്തില്‍ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജിയോയില്‍ ഗൂഗിള്‍ നടത്തിയത്.

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയില്‍ ഡിജിറ്റല്‍ രംഗം അതിവേഗം വളരുകയാണെന്ന തിരിച്ചറിവിലാണ് ഗൂഗിളിന്റെ നീക്കം. രാജ്യത്ത് 75 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വിവരം. ചൈനയുടെ സാങ്കേതിക മേഖല തിരിച്ചടികള്‍ നേരിടുന്ന സവിശഷ സാഹചര്യത്തില്‍ കൂടിയാണ് ഗൂഗിള്‍ ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നത്. ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ഗൂഗിള്‍ സഹകരിക്കുന്നതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില കുറയുന്നത് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Story Highlights : google investment in airtel stock market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here