Advertisement

ബജറ്റ് ചൂടില്‍ കുതിച്ച് വിപണി; സെന്‍സെക്‌സില്‍ 814 പോയിന്റ് മുന്നേറ്റം

January 31, 2022
Google News 1 minute Read

കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. രാജ്യം ബജറ്റ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ഓഹരി വിപണിയും കുതിക്കുകയാണ്. വ്യാപാര ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് ബി എസ് ഇ സെന്‍സെക്‌സില്‍ 814 പോയിന്റുകളുടെ മുന്നേറ്റമാണ് ഉണ്ടായത്. ഇത് 1.42 ശതമാനം വരും. എന്‍ എസ് ഇ നിഫ്റ്റിയും 1.39 ശതമാനം ഇന്ന് നേട്ടമുണ്ടാക്കി. 237.9 പോയിന്റുകളാണ് ഉയര്‍ന്നത്. ടെക് മഹീന്ദ്ര ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ബജാജ് ഫിന്‍ സെര്‍വ്, ഇന്‍ഫോസിസ് എന്നിവയും വലിയ നേട്ടമുണ്ടാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊടക് മഹീന്ദ്ര ബാങ്ക് ഓഹരി വിപണി ഇന്ന് സമ്മര്‍ദ്ദത്തിലായിരുന്നു.

ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ബജറ്റിന് മുന്നോടിയായി മാര്‍ക്കറ്റ് ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന ധാരണയാണ് ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാകാന്‍ കാരണം. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. എങ്കിലും ഐടി മേഖലയ്ക്ക് വലിയ കുതുപ്പുണ്ടാക്കാന്‍ ഉതകുന്ന സാഹചര്യം ഇത്തവണ സൃഷ്ടിക്കപ്പെടുമെന്നാണ് നിക്ഷേപകരുടെ വിലയിരുത്തല്‍. ഐടി ഓഹരിവിലയില്‍ വലിയ കുതിപ്പുണ്ടായത് വിപണിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ധനകമ്മിയെ ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍.

Story Highlights : stock market budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here