Advertisement

വിൻഡീസിനെതിരായ പരമ്പരകൾ; മലയാളി ബൗളർ എസ് മിഥുൻ ഇന്ത്യൻ ടീമിൽ

January 31, 2022
Google News 2 minutes Read
Sudhesan Midhun india reserve

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്പിന്നർ സുധീശൻ മിഥുൻ ഉൾപ്പെട്ടു. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ് ടീമിൽ ഉൾപ്പെട്ട മിഥുൻ അഹ്മദാബാദിലെത്തിയിട്ടുണ്ട്. മലയാളി താരത്തിനൊപ്പം തമിഴ്നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ, മധ്യപ്രദേശ് ക്യാപ്റ്റൻ ഋഷി ധവാൻ, മുംബൈ സ്പിന്നർ രാഹുൽ ചഹാർ തുടങ്ങിയവരും റിസർവ് നിരയിലുണ്ട്. (Sudhesan Midhun india reserve)

ക്രിക്കറ്റ് കളിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന് മിഥുൻ 24നോട് പറഞ്ഞു. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി കാണാൻ മുഖ്യ സെലക്ടറും മുൻ ദേശീയ താരവുമായ സുനിൽ ജോഷി എത്തിയിരുന്നു. അദ്ദേഹം ബിസിസിഐ ട്രഷറർ ജയേഷ് ജോർജിനോട് തൻ്റെ കാര്യം സംസാരിച്ചിരുന്നു. കാര്യങ്ങളെപ്പറ്റി കൂടുതൽ വ്യക്തത വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് അഹ്മദാബാദിൽ എത്തിയത്. 2018, 19 സീസണുകളിൽ രാജസ്ഥാൻ റോയൽസിൽ കളിച്ചിരുന്നു. ട്രയൽസിനൊക്കെ കൊണ്ടുപോയത് സഞ്ജു സാംസൺ ആണ്. ഇക്കുറിയും ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മിഥുൻ 24നോട് പ്രതികരിച്ചു.

Read Also : വിൻഡീസ് പരമ്പര: ഇന്ത്യൻ ടീമിൽ മൂന്ന് പുതുമുഖങ്ങൾ; കുൽദീപ് മടങ്ങിയെത്തി

27കാരനായ മിഥുൻ മികച്ച ലെഗ് ബ്രേക്ക് ബൗളറാണ്. കഴിഞ്ഞ 4 വർഷമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമാണ് മിഥുൻ. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയ മിഥുൻ ടീമിൻ്റെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറായി. ഈ പ്രകടനമാണ് മിഥുന് ദേശീയ ടീമിലേക്ക് സ്ഥാനം നേടിക്കൊടുത്തത്.

യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ഇന്ത്യൻ ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ. രോഹിതിനു കീഴിൽ ഇത് ആദ്യമായാണ് വിരാട് കോലി കളിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.

Story Highlights : Sudhesan Midhun india reserve team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here