ഇംഗ്ലണ്ടിനെ തകർത്ത അതേ സംഘം; ഇന്ത്യക്കെതിരായ വിൻഡീസ് ടീം പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-3 എന്ന സ്കോറിന് സ്വന്തമാക്കിയ അതേ ടീം ആണ് ഇന്ത്യക്കെതിരെയും കളിക്കുക. കീറോൺ പൊള്ളാർഡ് നായകനാവുമ്പോൾ മാച്ച് ഫിറ്റല്ലാത്ത ഷിംറോൺ ഹെട്മെയർക്ക് ടീമിൽ ഇടം ലഭിച്ചില്ല. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും. (west indies team india)
വെസ്റ്റ് ഇൻഡീസ് ടീം: കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), നിക്കോളാസ് പൂരാൻ, ഫാബിയൻ അലെൻ, ഡാരെൻ ബ്രാവോ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അക്കീൽ ഹൊസെയ്ൻ, ബ്രെൻഡൻ കിങ്, റൊമാരിയോ ഷെപ്പാർഡ്, ഒഡേൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ.
യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ഇന്ത്യൻ ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ. രോഹിതിനു കീഴിൽ ഇത് ആദ്യമായാണ് വിരാട് കോലി കളിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.
Read Also : വിൻഡീസിനെതിരായ പരമ്പരകൾ; മലയാളി ബൗളർ എസ് മിഥുൻ ഇന്ത്യൻ ടീമിൽ
ടീമിൽ മലയാളി സ്പിന്നർ സുധീശൻ മിഥുൻ ഉൾപ്പെട്ടിട്ടുണ്ട്. റിസർവ് നിരയിലാണ് ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുൻ സ്ഥാനം പിടിച്ചിരിക്കുന്നത്. ഏഴംഗ റിസർവ് ടീമിൽ ഉൾപ്പെട്ട മിഥുൻ അഹ്മദാബാദിലെത്തിയിട്ടുണ്ട്. മലയാളി താരത്തിനൊപ്പം തമിഴ്നാട് താരങ്ങളായ ഷാരൂഖ് ഖാൻ, സായ് കിഷോർ, മധ്യപ്രദേശ് ക്യാപ്റ്റൻ ഋഷി ധവാൻ, മുംബൈ സ്പിന്നർ രാഹുൽ ചഹാർ തുടങ്ങിയവരും റിസർവ് നിരയിലുണ്ട്.
27കാരനായ മിഥുൻ മികച്ച ലെഗ് ബ്രേക്ക് ബൗളറാണ്. കഴിഞ്ഞ 4 വർഷമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമാണ് മിഥുൻ. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയ മിഥുൻ ടീമിൻ്റെ ഏറ്റവും ഉയർന്ന വിക്കറ്റ് ടേക്കറായി. ഈ പ്രകടനമാണ് മിഥുന് ദേശീയ ടീമിലേക്ക് സ്ഥാനം നേടിക്കൊടുത്തത്.
Story Highlights : west indies team india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here