ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45നാണ് കേസ് പരിഗണിക്കുക. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആറ് ഫോണുകള്‍ കൈമാറണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. ആറ് ഫോണുകളില്‍ അഞ്ചെണ്ണം പ്രോസിക്യൂഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാം. ഫോണുകളുടെ പാറ്റേണ്‍ ലോക്കുകള്‍ നല്‍കാനും പ്രതികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2021 ഓഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോണ്‍ ലഭിച്ചിട്ടില്ല. 12,000 കോളുകള്‍ ഈ ഫോണില്‍ നിന്ന് പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാര്‍ച്ച് ഒന്നിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. തുടര്‍ന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Story Highlights : dileep case hearing date thursday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here