Advertisement

80-സി ഇളവുകളില്‍ മാറ്റമില്ല; ബജറ്റ് രാജ്യത്തെ ശമ്പളക്കാരെ ബാധിക്കുന്നത് ഇങ്ങനെ

February 1, 2022
Google News 2 minutes Read

കൊവിഡ് മഹാമാരി വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ നികുതി ഇളവുകള്‍ ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദായനികുതിയിലും 80-സി ഇളവുകളിലും മാറ്റമില്ലെന്ന പ്രഖ്യാപനമാണ് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രിയില്‍ നിന്നുണ്ടായത്. 80-സി പരിധി 2 മുതല്‍ 2.5 ലക്ഷം രൂപവരെയായി നിശ്ചയിക്കുമെന്ന രാജ്യത്തെ ശമ്പളക്കാരുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. 7 വര്‍ഷമായി തുടരുന്ന 1.5 ലക്ഷം രൂപയെന്ന പരിധിയില്‍ ഇത്തവണയും മാറ്റം വരുത്തുന്നില്ലെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തെ ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80-സി നിക്ഷേപങ്ങള്‍ക്കുള്ള നികുതി ഇളവാണ് പരാമര്‍ശിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പി പി എഫ് നിക്ഷേപങ്ങള്‍, എ പി എഫ് വിഹിതം, വീടിന്റെ രജിസ്‌ട്രേഷന്‍, ഭവന വായ്പയുടെ മുതലിലേക്കുള്ള അടവ്, സുകന്യ സമൃദ്ധി, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, ടാക്‌സ് സേവിങ്‌സ് മൂച്വല്‍ ഫണ്ട്‌സ് നിക്ഷേപം, പോസ്റ്റ് ഓഫീസ്, ബാങ്ക് അഞ്ച് വര്‍ഷ നിക്ഷേപം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് എന്നിവയാണ് 80-സി പരിധിയില്‍ ഉള്‍പ്പെടുന്നത്.

Read Also : കേരളം ഇനിയും കാത്തിരിക്കണം; സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

വരുമാനത്തിലുണ്ടായ മാറ്റങ്ങള്‍, പണപ്പെരുപ്പം, പോളിസി അടവ് തുകകളിലെ വര്‍ധനവ് മുതലായവയെല്ലാം കണക്കിലെടുക്കുമ്പോള്‍ 80-സി ഇളവുകളില്‍ മാറ്റം വരുത്തണമെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും ആവശ്യം. ശമ്പളക്കാര്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതുമാണ്. ചെലവ് വര്‍ധിക്കുന്നതിന് ആനുപാതികമായി 80-സി ഇളവിന്റെ പരിധി 2 ലക്ഷം രൂപയെങ്കിലുമാക്കി നിശ്ചയിക്കണമെന്നായിരുന്നു വിവിധ മേഖലയിലുള്ളവരുടെ ആവശ്യം. 1.5 ലക്ഷമെന്ന പരിധി പണപ്പെരുപ്പവും ചെലവും വരുമാനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്.

കൊവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ 80-സി ഇളവുകളിലെ മാറ്റം ഉള്‍പ്പെടെ ശമ്പളക്കാരായ ഉദ്യോഗസ്ഥര്‍ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നു. വ്യക്തിഗത ആദായനികുതി സ്ലാബില്‍ ഉള്‍പ്പെടെ ഇത്തവണ മാറ്റമില്ല. മഹാമാരി മധ്യവര്‍ഗത്തെ സാരമായി ബാധിച്ചു എന്ന വിലയിരുത്തലുണ്ടായിട്ടും പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാത്തത് ഉദ്യോഗസ്ഥരെ നിരാശരാക്കിയിട്ടുണ്ട്.

ആദായനികുതിയില്‍ മാറ്റമില്ല എന്നിരിക്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്‍ പി എസിനായുള്ള നികുതി ഇളവിന്റെ പരിധി 14 ശതമാനം വരെയായി ഉയര്‍ത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. മുന്‍പ് 10 ശതമാനമായിരുന്ന പരിധിയാണ് ഈ നിലയിലേക്ക് ഉയര്‍ത്തിയത്. സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വെര്‍ച്വല്‍, ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ആസ്തികള്‍ ആര്‍ജിക്കാനുള്ള ചെലവുമായി ബന്ധപ്പെട്ട് നികുതി ഇളവ് ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. സഹകരണ സൊസൈറ്റികളുടെ നികുതി 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.
സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

Story Highlights : income tax slabs and 80-c changes budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here