Advertisement

കുഞ്ചാക്കോ ബോബന്റെ ചിത്രം തങ്ങള്‍ പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കുകളിലില്ലെന്ന വിശദീകരണവുമായി കര്‍ണാടക

February 1, 2022
1 minute Read

മലയാള സിനിമാതാരം കുഞ്ചാക്കോ ബോബന്റെ ചിത്രം തങ്ങള്‍ പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കുകളിലൊന്നും അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെ.ടി.ബി.എസ്) രംഗത്ത്. തങ്ങള്‍ അച്ചടിച്ച ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ലെന്നാണ് കെ.ടി.ബി.എസ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്ന പാഠഭാഗത്തില്‍ പോസ്റ്റ്മാന്‍ എന്ന ജോലിക്കുനേരെ കുഞ്ചാക്കോ ബോബന്റെ ചിത്രം കൊടുത്തു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പാഠപുസ്തകത്തില്‍ തന്റെ ഫോട്ടോയും ഉള്‍പ്പെട്ട വിവരം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അറിയിച്ചത്. ‘ അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി, പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ത്ഥന’ എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ദേശീയ മാദ്ധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡാണ് കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി വിവാദത്തില്‍ വിശദീകരണവുമായെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് കെ.ടി.ബി.എസ് പുറത്തിറക്കിയ ടെസ്റ്റ് ബുക്കിലുള്ളതായി വാര്‍ത്തകള്‍ വന്നത്. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി തന്നെ രംഗത്തെത്തിയത്.

മാദ്ധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ ടെക്സ്റ്റ് ബുക്കുകളിലും വിശദമായിത്തന്നെ പരിശോധന നടത്തിയെന്നും ഒന്നില്‍പ്പോലും ഇത്തരത്തില്‍ ഒരു മലയാള സിനിമാ നടന്റെ ചിത്രം കണ്ടെത്താനായില്ലെന്നും കെ.ടി.ബി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ചിത്രം വിവാദമായതോടെ കര്‍ണാടക സര്‍ക്കാര്‍ കുട്ടികളുടെ പാഠപുസ്തകത്തിന്റെ ഗുണനിലവാരം പോലും തകര്‍ക്കുകയാണെന്ന ആരോപണവുമായി ബംഗളൂരു റൂറല്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കെ.ടി.ബി.എസ് വിശദീകരണവുമായി രംഗത്തെത്തിയത്. നടന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top