Advertisement

ലോകായുക്ത നിയമഭേദഗതി; ഗവർണർ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും

February 3, 2022
Google News 2 minutes Read

ലോകായുക്ത നിയമഭേദഗതില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. നിയമഭേദഗതി കൊണ്ട് വരാനിടയായി സാഹചര്യം വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണറുടെ പക്കലുണ്ട്. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

മേല്‍ക്കോടതി വിധികളും നിയമപരമായി പരിശോധന നടത്തിയായിരിക്കും ഗവര്‍ണര്‍ അന്തിമതീരുമാനമെടുക്കുക. ഓര്‍‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയച്ചാല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബില്ലായി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.

കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Read Also : ലോകായുക്ത ഓർഡിനൻസ്; ഭരണഘടനാ വിരുദ്ധ വകുപ്പുണ്ട്, രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് ​ഗവർണർക്ക് സർക്കാർ മറുപടി

ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല. സഭ വിളിച്ച് ചേര്‍ക്കാന്‍ തിരുമാനിച്ചാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അത് ബില്ലായി കൊണ്ട് വരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സമ്മേളനം തീരുമാനിക്കാതിരുന്നത്. ആറാം തീയതി തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം സമ്മേളന തീയതിയില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു.

Story Highlights : governor will take the decision on lokayukta amendment today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here