Advertisement

28 ലക്ഷം ജനസംഖ്യ, 60 മണ്ഡലങ്ങൾ; മണിപ്പൂർ ആർക്കൊപ്പം?

February 3, 2022
Google News 1 minute Read

മണിപ്പൂരിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കവും നേതാക്കളുടെ കൂറുമാറ്റവുമെല്ലാം സംസ്ഥാന രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 നും മാർച്ച് 3 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കും. അതിന് മുമ്പ് മണിപ്പൂരിൻ്റെ മനസ്സറിയാം.

സംസ്ഥാനത്ത് 60 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതിൽ 40 എണ്ണം താഴ്‌വരയിലും 20 എണ്ണം മലനിരകളിലുമാണ്. മലയോരമേഖലയിൽ ക്രിസ്ത്യൻ ജനസംഖ്യയാണ് കൂടുതൽ. ബാക്കി ഭാഗങ്ങളിൽ ഹിന്ദുക്കൾക്കാണ് ഭൂരിപക്ഷമുള്ളത്. 31 എന്ന മാന്ത്രിക സംഖ്യയിൽ എത്തുന്ന ഏത് പാർട്ടിക്കും ഇവിടെ സർക്കാർ രൂപീകരിക്കാം. സംസ്ഥാനത്തെ ജനസംഖ്യ 28 ലക്ഷമാണ്. ഭൂരിഭാഗവും അതായത് 20 ലക്ഷം വോട്ടർമാർ ഇംഫാലിൽ താമസിക്കുന്നു. ജനസംഖ്യയുടെ 41 ശതമാനം ഗോത്രവർഗക്കാരും 53 ശതമാനം മെയ്തേയ് വംശീയ വിഭാഗങ്ങളുമാണ്.

മണിപ്പൂർ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എൻപിപി, കോൺഗ്രസ്, ബിജെപി എന്നിവയാണ്. 2017ൽ 60 സീറ്റിൽ 28 സീറ്റും നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 21 സീറ്റുകൾ നേടിയെങ്കിലും നാല് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎമാർ, നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എംഎൽഎമാർ, തൃണമൂൽ കോൺഗ്രസ് (ടിഎംസി), ലോക് ജനശക്തി പാർട്ടി (എൽജെപി), ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു.

നാഷണൽ പീപ്പിൾസ് പാർട്ടി (NPP):
NPP ഒരു പ്രാദേശിക പാർട്ടിയാണ്. അടിസ്ഥാനപരമായി മേഘാലയയിൽ നിന്നുള്ളതാണ്. കോൺറാഡ് സാങ്മയാണ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ. ഇപ്പോൾ മണിപ്പൂരിലും മേഘാലയയിലും പാർട്ടിക്ക് സാന്നിധ്യമുണ്ട്. എൻപിപി നിലവിൽ ബിജെപിയുമായി സഖ്യത്തിലാണ്. 2017ൽ അവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നാല് സീറ്റുകൾ നേടി. 2017ൽ NPP 9 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഈ വർഷം സഖ്യമില്ലാതെ 20 സീറ്റുകളിൽ NPP മത്സരിക്കുന്നു. ചിലപ്പോൾ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനും സാധ്യതയുണ്ട്.

കോൺഗ്രസ്:
മണിപ്പൂരിൽ 15 വർഷത്തിലേറെയായി കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്നു. എന്നാൽ 2017ന് ശേഷം നിരവധി എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയി. കോൺഗ്രസിന്റെ ഏറ്റവും പ്രായം കൂടിയ നേതാക്കളിലൊരാളായ എൻ ബിരേൻ സിംഗ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ പതനം. ഈ വർഷം അഞ്ച് ഇടത് പാർട്ടികളുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

ബിജെപി:
2016ൽ കോൺഗ്രസ് നേതാവ് എൻ ബിരേൻ സിംഗ് ബിജെപിയിൽ ചേർന്നു. മണിപ്പൂർ രാഷ്ട്രീയത്തിൽ ബിജെപി നേട്ടം തുടങ്ങിയത് ഇവിടെ നിന്നാണ്. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം സീറ്റുകളും ബിജെപിക്ക് 21 സീറ്റുകളേ ലഭിച്ചുള്ളൂവെങ്കിലും എൻപിപിയും എൻപിഎഫും ചേർന്ന് വോട്ടെടുപ്പിന് ശേഷമുള്ള സഖ്യത്തിൽ സർക്കാർ രൂപീകരിച്ചു. ഈ വർഷം 60 അംഗ നിയമസഭയിൽ 40ലധികം സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Story Highlights : manipur-elections-total-number-of-constituencies-magic-number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here