ചോട്ടുവിനെ കാണാനില്ല; നാടെങ്ങും അന്വേഷിച്ച് ഉടമയും നാട്ടുകാരും

നമ്മൾ മാസങ്ങൾക്ക് മുൻപ് ഒരു നായയെ പരിചയപ്പെടുത്തിയിരുന്നു. കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ സ്വദേശിയായ ദിലീപ് കുമാറിൻറെ ചോട്ടു എന്ന നായയായിരുന്നു അന്നത്തെ താരം. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ചോട്ടുവിനെ കാണാനില്ല. ചോട്ടുവിനായി നാടാകെ അന്വേഷണത്തിലാണ്.
മാസങ്ങൾക്ക് മുൻപ് 24 സംഘം എത്തിയപ്പോൾ ചോട്ടു ഈ വീട്ടിലെ ഒരു അംഗമായിരുന്നു, നാട്ടിലെ താരവും. മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. 24 വാർത്തയ്ക്ക് പിന്നാലെ ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങി. നാൽപ്പതിലധികം വീഡിയോകളും അതിൽ പങ്കുവച്ചു.
പക്ഷേ കഴിഞ്ഞ മൂന്നുദിവസമായി ചോട്ടുവിനെ കാണാനില്ല. ജനുവരി 31 ന് രാത്രി എല്ലാവർക്കുമൊപ്പം ചോട്ടു ഉറങ്ങാൻ കിടന്നതാണ്. പതിവുപോലെ രാവിലെ ആരെയും വിളിച്ചുണർത്താൻ അവനെത്തിയില്ല. കുസൃതി കാണിച്ച് മാറിനിൽക്കുകയാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ മണിക്കൂറുകൾ പിന്നിട്ടിട്ടും ചോട്ടുവിനെ കണ്ടെത്താനായിട്ടില്ല.
ചോട്ടുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി സജീവ തിരച്ചിൽ പുരോഗമിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചോട്ടു ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ദിലീപ്കുമാറും വീട്ടുകാരും.
Story Highlights : viral dog missing kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here