ഐ.എസ്.എൽ: ജംഷഡ്പൂരിനെ തകര്‍ത്ത് ബെംഗലൂരു, ഛേത്രിക്ക് റെക്കോര്‍ഡ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്‌സിയെ തോൽപ്പിച്ച് ബെംഗളുരു എഫ്‌സി. ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളുരുവിൻ്റെ ജയം. അതേസമയം ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റോക്കോര്‍ഡിനൊപ്പമെത്തി സുനില്‍ ഛേത്രി.
ആദ്യ മിനിറ്റിനുള്ളിൽ ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂരിന് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ ബെംഗളൂരു ഗംഭീര തിരിച്ചുവരവ് നടത്തി. 55-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ സമനില ഗോൾ കണ്ടെത്തി. പിന്നാലെ 62 ആം മിനിറ്റിലും 90 ആം മിനിറ്റിലും ക്ലീറ്റൺ സിൽവ ഇരട്ട ഗോളുകൾ നേടി ജയം ആധികാരികമാക്കി. തോല്‍വി അറിയാതെ ഒമ്പതാമത്തെ മത്സരമാണ് ബെംഗലൂരു ഇന്ന് പൂര്‍ത്തിയാക്കിയത്.
ജംഷഡ്‌പൂരിനെതിരെ ഗോളടിച്ചതോടെ ഛേത്രി ഫെറാന്‍ കോറോമിനാസിനെ പിന്തള്ളി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍(49) എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്. ജയത്തോടെ ബെംഗലൂരു ജംഷഡ്പൂരിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി 23 പോയന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറച്ചു കളിച്ച ബ്ലാസ്റ്റേഴ്സിനും 23 പോയന്‍റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.
Story Highlights: bengaluru-rally-past-jamshedpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here