ഹിജാബ് വിവാദം; യൂണിഫോം സ്റ്റൈലിൽ ഇല്ലാത്ത വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

ഹിജാബ് വിവാദത്തിൽ നിലപാടുമായി കർണാടക. കർണാടക വിദ്യാഭ്യാസ നിയമം ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കർണാടക നിരോധിച്ചു. സമത്വം, അഖണ്ഡത, നിയമം എന്നിവ ലംഘിക്കുന്ന വസ്ത്രങ്ങൾ കോളജുകളിലും സ്കൂളുകളിലും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. (Hijab Karnataka Clothes Law)
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതത്തിനനുസരിച്ച് ചില വിദ്യാർത്ഥികൾ പെരുമാറുന്നത് കാണാനിടയായി. അത് സമത്വത്തെയും അഖണ്ഡതയെയും തകർക്കുന്നതാണ്. അത്തരം വസ്ത്രങ്ങൾ അണിയരുത് എന്നും സർക്കാർ നിലപാടെടുത്തു.
ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയിൽ അതിന് സമാന്തരമായി കാവി ഷാൾ ധരിച്ച് ഒരുകൂട്ടം വിദ്യാർത്ഥികൾ ഇന്ന് മാർച്ച് നടത്തിയിരുന്നു. ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയിൽ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. ആർ എൻ ഷെട്ടി കോളജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാൾ ധരിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്. പ്രകടനത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കോളജിൽ നിന്നും പ്രതിഷേധം തെരുവിലേക്കും മാർക്കറ്റിലേക്കും കടന്നതോടെ പൊലിസെത്തി ഇവരെ തടഞ്ഞു.
Read Also : ‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിക്കൂടേ?’; രാഹുലിനോട് മറുചോദ്യവുമായി ബിജെപി
ഹിജാബ് വിലക്ക് വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചിഹ്നങ്ങൾക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നും കർണാടക ബിജെപി പ്രതികരിച്ചു. വിദ്യാലയങ്ങളിലെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ പറഞ്ഞു. വിദ്യാർഥിനികൾ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കിൽ അതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്നായിരുന്നു വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ഉഡുപ്പിയിലെ സർക്കാർ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ രുദ്രെ ഗൗഡ ക്ലാസിൽ ഹിജാബ് ധരിക്കാൻ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ ആറ് വിദ്യാർത്ഥിനികളെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്. ഇവർക്ക് കോളേജിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരിൽ ആബ്സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാർത്ഥിനികൾ നേരത്തേ പ്രതികരിച്ചിരുന്നു.
Story Highlights: Hijab Karnataka Bans Clothes Disturb Law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here