Advertisement

സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെ: രമേശ് ചെന്നിത്തല

February 5, 2022
Google News 2 minutes Read

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയോടെ ഓഫിസിന്റെ അറിവോടെയെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേസില്‍ പുനഃരന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടന്നതെന്ന വാദം ശരിവെക്കുന്നതാണ് പുതിയവെളിപ്പെടുത്തല്‍. നയന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ വിവരം ലഭിക്കുന്നത്. ആ ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇടപെടലുണ്ടായി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നിശിതമായ വിമര്‍ശനമുണ്ടായി. എന്നാല്‍ ഇന്ന് പറഞ്ഞിരിക്കുന്നത് നയന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്തിന് പൂര്‍ണസഹായം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണ്. ബാഗേജ് വിട്ടു കിട്ടാന്‍ വേണ്ട സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണ്. അങ്ങനെ ഞങ്ങള്‍ ഉന്നയിച്ച എല്ലാആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിനെതിരേ ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അക്കമിട്ട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോടി കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞപ്പോള്‍ പുച്ഛിച്ചു തള്ളിയവരുണ്ട്. കേരളം മുഴുവന്‍ അഴിമതിക്കുള്ള ഒരു ബൃഹത്പദ്ധതിയ്ക്കാണ് ലക്ഷ്യമിട്ടതെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വരുന്നത്. കിട്ടിയ കമ്മിഷന്‍ തന്റേയും ശിവശങ്കറിന്റെയും പേരിലാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്ന് പറയുമ്പോള്‍ അതിന് മുഖ്യമന്ത്രി മറുപടി നല്‍കണം. കേന്ദ്ര ഏജന്‍സികള്‍ പ്രതികളുടെ മേല്‍ സമര്‍ദ്ദപ്പെടുത്തി മുഖ്യമന്ത്രിയുടെ പേരു വെളിപ്പെടുത്താന്‍ ശ്രമിച്ചവെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അത് ശരിയല്ലെന്ന് തെളിഞ്ഞു.

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ ചൂണ്ടിക്കാണിച്ച കാര്യം സ്പീക്കര്‍ക്ക് ഇവരുമായുണ്ടായിരുന്ന ബന്ധമാണ്. അന്ന് അദ്ദേഹം അതെല്ലാം നിഷേധിച്ചു. പക്ഷേ ആ ബന്ധം സംശയാതീതമായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം മറുപടി പറയണം. അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ന് തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥനെ ഇനിയും സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കണമോയെന്ന് മുഖ്യമന്ത്രി ആലോചിക്കണം. അനുവാദം വാങ്ങാതെ പുസ്തകമെഴുതിയ ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights: Facebook daily active users fall for first time in 18-year history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here