അണ്ടർ 19 ലോകകപ്പ്: 95ൽ വീണ് ജെയിംസ് റ്യൂ; കപ്പടിക്കാൻ ഇന്ത്യയുടെ വിജയലക്ഷ്യം 190 റൺസ്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് ഓൾഔട്ടായി. 95 റൺസെടുത്ത ജെയിംസ് റ്യൂ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജെയിംസ് സെയിൽസ് 34 റൺസെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യക്കായി രാജ് ബവ അഞ്ചും രവി കുമാർ നാലും വിക്കറ്റ് വീതം വീഴ്ത്തി. 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ റ്യൂവും സെയിൽസും ചേർന്നാണ് കരകയറ്റിയത്. (world cup england allout)
രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏറെ അപകടകാരിയായ ജേക്കബ് ബെതലിനെ (2) പുറത്താക്കിയ രവി കുമാർ ഇന്ത്യക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ബെതൽ മടങ്ങിയെങ്കിലും പോസിറ്റീവായി ബാറ്റ് ചെയ്ത ജോർജ് തോമസ് വേഗത്തിൽ സ്കോർ ചെയ്തു. ഹങ്കർഗേക്കറെ തുടരെ ബൗണ്ടറിയടിച്ച താരം ഒരു കൗണ്ടർ അറ്റാക്കിനുള്ള മൂഡിലായിരുന്നു. ഇതിനിടെ രാജ് ബവയുടെ പന്തിൽ ജോർജിനെ കൗശൽ താംബെ സ്ലിപ്പിൽ കൈവിടുകയും ചെയ്തു. ഒരുവശത്ത് ജോർജ് തോമസ് മികച്ച രീതിയിൽ ബാറ്റ് വീശവെ ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ടോം പ്രെസ്റ്റ് പ്ലെയ്ഡ് ഓണായി മടങ്ങി. രവി കുമാറിന് രണ്ടാം വിക്കറ്റ്.
തല്ലു വാങ്ങിയ ഹങ്കർഗേക്കർക്ക് പകരം രാജ് ബവയും രവി കുമാറിനു പകരം നിഷാന്ത് സിന്ധുവും എത്തിയതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. നാലാം നമ്പറിലെത്തിയ ജെയിംസ് റ്യൂവും ജോർജ് തോമസും കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും രാജ് ബവ എത്തിയത് മറ്റ് ചില പദ്ധതികളുമായായിരുന്നു. ജോർജ് തോമസിനെ (27) പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച ബവ തുടരെ രണ്ട് പന്തുകളിൽ വില്ല്യം ലക്സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) മടക്കി അയച്ചു. പിന്നീട് ആറാം വിക്കറ്റിൽ റ്യൂവും റെഹാൻ അഹ്മദും ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. ഇതും ബവ തന്നെ തകർത്തു. റെഹാൻ അഹ്മദ് (10) ആയിരുന്നു ബവയുടെ നാലാം ഇര.
6 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിൽ തകർച്ച ഉറപ്പിച്ച ഇംഗ്ലണ്ട് റ്യൂവും അലക്സ് ഹോർട്ടണും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവിൻ്റെ ആദ്യ ലക്ഷണം കാണിച്ചു. 6 വിക്കറ്റ് നഷ്ടമായെങ്കിലും ഷെല്ലിലേക്കൊതുങ്ങാതെ പോസിറ്റീവ് ക്രിക്കറ്റ് തന്നെ കളിച്ച റ്യൂ ഇംഗ്ലണ്ടിനെ വളരെ വേഗം ട്രാക്കിലെത്തിച്ചു. 30 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഹോർട്ടൺ (10) മടങ്ങി. കൗശൽ താംബെയ്ക്കായിരുന്നു വിക്കറ്റ്. 9ആം നമ്പറിലെത്തിയ ജെയിംസ് സെയിൽസ് റ്യൂവിന് ഉറച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് ശ്വാസം നേരെ വിട്ടു. സെയിൽസ് റ്യൂവിന് ഉറച്ച പിന്തുണ നൽകിയപ്പോൾ റ്യൂ അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ഏഴ് ബൗളർമാരാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. എന്നിട്ടും ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
കൂട്ടുകെട്ട് അനായാസം മുന്നോട്ടുപോകവേ രവി കുമാർ എറിഞ്ഞ 44ആം ഓവറിൽ റ്യൂവിനു പിഴച്ചു. പുൾ ഷോട്ടിൽ ടൈമിങ് കൃത്യമായിരുന്നെങ്കിലും പന്ത് നേരെ കൗശൽ താംബെയുടെ കൈകളിലേക്ക്. ആദ്യം കയ്യിൽ നിന്ന് വഴുതിയെങ്കിലും താംബെ പന്ത് കൈപ്പിടിയിലൊതുക്കി. സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ റ്യൂ പുറത്ത്. എട്ടാം വിക്കറ്റിൽ ജെയിംസ് സെയിൽസുമായി 91 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷമാണ് റ്യൂ മടങ്ങിയത്. 12 ബൗണ്ടറികളും റ്യൂവിൻ്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആ ഓവറിലെ നാലാം പന്തിൽ തോമസ് ആസ്‌പിൻവാളും (0), അടുത്ത ഓവറിൽ ജോഷുവ ബോയ്ഡനും (1) മടങ്ങി. ബോയ്ഡനെ മടക്കിയ രാജ് ബവ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
Story Highlights: under 19 world cup england allout
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here