ലതാ മങ്കേഷ്‌കറും ക്രിക്കറ്റിനോടുള്ള പ്രണയവും;1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്

ലതാ മങ്കേഷ്‌കർ ഒരു ക്രിക്കറ്റ് ആരാധികയായിരുന്നു ഇന്ത്യയിൽ എവിടെ ദേശീയ ക്രിക്കറ്റ് ടീം ഒരു മത്സരം കളിച്ചാലും രണ്ട് കോംപ്ളിമെന്ററി ടിക്കറ്റുകൾ അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്ക്കറിന് വേണ്ടി ബി സി സി ഐ മാറ്റിവച്ചിരുന്നു. ഇതിന് പിന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്.
ഇന്ത്യൻ ടീം 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ആദ്യമായി ലോകകപ്പ് ഉയർത്തിയ സമയം. ഐ സി സിയെ പോലും സ്വാധീനിക്കാൻ സാധിക്കുന്ന ക്രിക്കറ്റിലെ വമ്പൻ സാമ്പത്തിക ശക്തിയായ ബി സി സി ഐ അല്ലായിരുന്നു അന്നത്തെ ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡ്. എന്നാൽ ടീമിന് വിരോചിതമായ വരവേൽപ്പ് നൽകാൻ വേണ്ട സാമ്പത്തികം ഇല്ലാത്ത അവസ്ഥയായിരുന്നു.

ലോകകപ്പുമായി തിരിച്ചെത്തിയ ഇന്ത്യൻ ടീമിനുള്ള ദിവസബത്തയ്ക്കുള്ള വഴി കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്നത്തെ ബി സി സി ഐ പ്രസിഡന്റ് എൻ കെ പി സാൽവെ. ഒരു വഴിക്ക് വേണ്ടി അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായ രാജ്‌സിംഗ് ദുർഗാപൂറിനെ സമീപിച്ചു.
Read Also : നിസ്സാരമായി കാണരുത്; സൂക്ഷിക്കാം ഈ പനിക്കാലം…
ദുർഗാപൂർ ഒരു വഴി കണ്ടെത്തി. ഒരു സംഗീതനിശ സംഘടിപ്പിക്കുക. അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ഇന്ത്യൻ ടീമിന് വരവേൽപ്പ് നൽകുക. സംഗീതനിശയ്ക്ക് ആര് പാടും എന്ന ചോദ്യത്തിനും ദുർഗാപൂറിന്റെ പക്കൽ ഉത്തരമുണ്ടായിരുന്നു, വലിയൊരു ക്രിക്കറ്റ് ആരാധിക കൂടിയായ ലതാ മങ്കേഷ്ക്കർ. സംഗീത നിഷയിൽ പാടുക എന്ന ആവശ്യവുമായി ബി സി സി ഐ ഭാരവാഹികൾ ലതാ മങ്കേഷ്ക്കറിനെ സമീപിച്ചു. സന്തോഷത്തോടെ സമ്മതം മൂളിയ ലതാ മങ്കേഷ്ക്കർ നേതൃത്വം നൽകിയ സംഗീത നിശയിൽ നിന്ന് ബി സി സി ഐ വൻ തുക സമാഹരിച്ചു.
അതിൽ നിന്നും ലഭിച്ച തുകയിൽ നിന്ന് ടീമിന് വലിയൊരു വരവേൽപ്പ് നൽകുക മാത്രമല്ല, ഓരോ കളിക്കാരനും ഒരു ലക്ഷം രൂപ വരെ പാരിതോഷികം നൽകുകയും ചെയ്തു. അന്നത്തെ കാലത്ത് ഒരു ലക്ഷം രൂപ എന്ന് പറയുന്നത് വലിയൊരു തുകയായിരുന്നു.

ബി സി സി ഐയുടെ അന്നത്തെ അവസ്ഥ അറിയാമായിരുന്ന കളിക്കാർ തങ്ങളുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന് വേണ്ടി അവർക്ക് ലോകകപ്പിൽ നിന്ന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന് 60,000 രൂപ നീക്കിവച്ചിരുന്നെന്ന് ടീമിലെ മലയാളി സാന്നിദ്ധ്യമായിരുന്ന സുനിൽ വത്സൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അന്ന് മുതൽ ഗായിക മരിക്കുന്ന ഇന്ന് വരെ രാജ്യത്ത് നടക്കുന്ന ദേശീയ ടീമിന്റെ എല്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കും ലതാ മങ്കേഷ്ക്കറിന് വേണ്ടി രണ്ട് ടിക്കറ്റുകൾ ബി സി സി ഐ നീക്കിവച്ചിരുന്നു. ലതാ മങ്കേഷ്ക്കറിന്റെ മരണത്തോടെ നഷ്ടമാകുന്നത് ഒരു വിഖ്യാത ഗായികയെ മാത്രമല്ല, ദുരിതങ്ങളിൽ പോലും ക്രിക്കറ്റിനെയും ദേശീയ ടീമിനെയും മാറോട് ചേർത്തുവച്ചിരുന്ന ഒരു സ്പോർട്സ് ആരാധികയെകൂടിയാണ്.
Story Highlights: Lata Mangeshkar Saved BCCI After 1983 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here