Advertisement

മുന്‍കൂര്‍ ജാമ്യത്തിന് പരിധിയില്ല…! സുശീല അഗര്‍വാള്‍ കേസ് ഓര്‍മിച്ച് ഹൈക്കോടതി

February 7, 2022
Google News 0 minutes Read

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെയാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സാഹചര്യമുണ്ടാകുമ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഘട്ടത്തില്‍ അറസ്റ്റ് അനിവാര്യമെങ്കില്‍ ആ ഘട്ടത്തില്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കാം. അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും പ്രതികള്‍ ഇടപെടരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി നിശ്ചയിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മിപ്പിക്കുന്നു. സുശീല അഗര്‍വാള്‍ ആന്‍ഡ് സ്റ്റേറ്റ് ഓഫ് ഡല്‍ഹിക്കേസ് ഉദ്ധരിച്ചുകൊണ്ടാണ് കോടതി വിധി പറഞ്ഞതെന്നാണ് ശ്രദ്ധേയം. സുപ്രീം കോടതിയുടെ അഞ്ചംഗം ബെഞ്ചിന്റേതാണ് സുശീല അഗര്‍വാള്‍ വിധി. 113 പേജുള്ള വിധിന്യായത്തില്‍ പറയുന്ന സുപ്രധാന കാര്യം മുന്‍കൂര്‍ ജാമ്യത്തിന് ഒരു നിശ്ചിത കാലയാളവിലേക്കല്ല നല്‍കുന്നത്. അത് എത്ര കാലത്തേയ്ക്ക് വേണമെങ്കിലും നല്‍കാം. അത് കേസിന്റെ ട്രയ്ല്‍ തുടങ്ങുന്നതു വരെ വേണമെങ്കിലും നല്‍കാമെന്നതാണ് വിധി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ഉപാധികകള്‍ ലംഘിക്കപ്പെടുന്നുവെന്ന തോന്നിയാല്‍ കോടതിയ്ക്ക് ജാമ്യം റദ്ദു ചെയ്യുന്നതിനും സ്വാതന്ത്ര്യമുണ്ടെന്നും സുശീല അഗര്‍വാള്‍ കേസ് ചൂണ്ടിക്കാട്ടുന്നു. ആ തരത്തില്‍ ദിലീപിന് നല്‍കുന്ന ഉപാധികളില്‍ ലംഘനമുണ്ടാകുന്ന മുറയ്ക്ക് വേണമെങ്കില്‍ ജാമ്യം റദ്ദു ചെയ്യുന്നതിന് സാധിക്കുമെന്നും വിധി ഓര്‍മിപ്പിക്കുന്നു.

കൂടാതെ ഗൂഢാലോചന കേസില്‍ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാനാവില്ല. പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനങ്ങളെപ്പറ്റി ധാരണ ഇല്ലാതെയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും കൈവശമുണ്ടായിരുന്ന ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി വിലയിരുത്തുന്നു.

ഗൂഢാലോചനക്കേസില്‍ ഹൈക്കോടതി ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രിംകോടതിയെ സമീപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തത്കാലം സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അപ്പോള്‍ ആലോചിക്കാം എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

ഹൈക്കോടതി വിധി പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ സുപ്രിംകോടതിയെ സമീപിച്ചാല്‍ അപ്പീല്‍ തള്ളാനാണ് സാധ്യതയെന്നും പ്രോസിക്യൂഷന്‍ കണക്കുകൂട്ടുന്നു. നേരത്തെ, വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാമെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിധിപ്പകര്‍പ്പ് വായിച്ചതിനു ശേഷമാണ് അത് വേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചത്.

കേസിന്റെ അന്വേഷണവുമായി പ്രതികള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here