ഹിജാബ് ധരിച്ചവര്‍ മറ്റൊരു ക്ലാസില്‍ ഇരിക്കണമെന്ന് കര്‍ണാടകയിലെ കോളജുകള്‍

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചില കോളജുകള്‍ കൈക്കൊണ്ട വിചിത്രമായ തീരുമാനങ്ങള്‍ വിവാദമാകുന്നു. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്ക് കോളജിനുള്ളില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്നും എന്നാല്‍ ഇവര്‍ക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജിന്റെ നിലപാട്. വിദ്യാര്‍ത്ഥിനികള്‍ കോളേജ് ഗെയ്റ്റിന് മുന്നില്‍ കൂട്ടം കൂടാതിരിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നാണ് കോളേജ് അധികൃതരുടെ വാദം. (hijab)
ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്നാണ് കോളജ് പ്രിന്‍സിപ്പാള്‍ ജെ.ജി. രാമകൃഷ്ണ പറയുന്നത്. എന്നാല്‍ ഹിജാബ് ഒഴിവാക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥിനികള്‍.
Read Also : ഹിജാബ് നിരോധനം; വിദ്യാർത്ഥി പ്രതിഷേധത്തിനടുത്ത് മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ
കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായത്. അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചില കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ഉഡുപ്പിയിലെ കളവര വരദരാജ് എം ഷെട്ടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് ധരിച്ച കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു. ഹിജാബ് ധരിച്ചതിനാലാണ് മടക്കി അയച്ചതെന്നും ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വൈസ് പ്രിന്‍സിപ്പല്‍ ഉഷ ദേവി പറഞ്ഞു.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത് വരെ കോളജില്‍ പ്രവേശിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയിന്മേല്‍ കോടതി തീരുമാനം പറയുന്നതുവരെ വരെ വിദ്യാര്‍ത്ഥിനികള്‍ കോളജിന് പുറത്ത് തന്നെ തുടരേണ്ട അവസ്ഥയാണ്.
Read Also : ‘നിയമസഭയിൽ ഹിജാബ് ധരിക്കും, ധൈര്യമുണ്ടെങ്കിൽ തടഞ്ഞോ’; കോൺഗ്രസ് എംഎൽഎ
ഹിജാബ് ധരിക്കുന്നതിനെതിരെ ഹിന്ദുത്വവിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കാവി ഷാളണിഞ്ഞുള്ള പ്രതിഷേധം ഇന്നും നടന്നിരുന്നു. വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കിയ നടപടിയെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പുറപ്പെടുവിച്ച മാര്‍ഗരേഖ പിന്‍വലിക്കണമെന്നാണ് എസ്.എ.ഫ്‌ഐയുടെ ആവശ്യം. അതേസമയം, കര്‍ണാടകത്തിലെ വിജയപുര ജില്ലയിലെ രണ്ട് കോളജുകളില്‍ ഹിജാബിനെതിരെ കാവി ഷാള്‍ ധരിച്ച കുട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് കോളജുകള്‍ അടച്ചിട്ടു.
Story Highlights: Karnataka Students In Hijab Sent To Separate Classrooms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here