തോറ്റ് കഴിയുമ്പോൾ പ്രതിപക്ഷം ‘ജയ് ശ്രീറാം’ വിളിക്കും: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാക്കൾ “ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ജയ് ശ്രീറാം” എന്ന് വിളിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്ഷേത്രങ്ങളിൽ പോകുന്നത് വർഗീയതയാണെന്ന് പ്രതിപക്ഷം വിശ്വസിച്ചിരുന്നു. എന്നാൽ 2014ൽ മോദി പ്രധാനമന്ത്രിയായതിന് ശേഷം പ്രതിപക്ഷ നേതാക്കൾ അമ്പലങ്ങൾ സന്ദർശിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ‘ഹർ കി പൗരി’ സന്ദർശിച്ച മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അദ്ദേഹം പരിഹസിച്ചു.
സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവും ഞായറാഴ്ച വൃന്ദാവൻ ജില്ലയിലെ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചു. “താക്കൂർജിയുടെ അനുഗ്രഹം വാങ്ങാനാണ് ഞങ്ങൾ ഇവിടെ വന്നത്. സമാജ്‌വാദി പാർട്ടി ശക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും,” ദർശനത്തിന്’ ശേഷം അവർ പറഞ്ഞിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
Story Highlights: opposition-will-chant-bharat-mata-ki-jai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here