Advertisement

ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം; ഗവര്‍ണര്‍ക്ക് മേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിച്ചെന്ന് വി.മുരളീധരന്‍

February 7, 2022
Google News 1 minute Read
V muraleedharan

ലോകായുക്തയെ നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ച് ഗവര്‍ണര്‍ക്കുമേല്‍ ഓര്‍ഡിനന്‍സ് അടിച്ചേല്‍പ്പിക്കുകയാണുണ്ടായതെന്ന് പകല്‍ പോലെ വ്യക്തമാണ്. ലോകായുക്ത വിഷയത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം മൗനം പാലിക്കുന്നത് വിരോധാഭാസമാണെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.

ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. ഓര്‍ഡിനന്‍സ് ഒപ്പുവെച്ചു എന്ന പേരില്‍ ഗവര്‍ണറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവമാണെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ഇന്ന് രംഗത്തെത്തി. ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കണമായിരുന്നെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ലോകായുക്തയ്ക്ക് അധികാരം തിരികെ നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞ് ഉപദേശക സമിതിയാക്കി മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഓര്‍ഡിനന്‍സിനെതിരെ സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ അത് നിയമസഭയില്‍ പ്രകടിപ്പിക്കണം. നിലവിലെ സംവിധാനം കൊണ്ട് ഇനി വലിയ കാര്യമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Read Also : അഴിമതിവീരന് കുടപിടക്കാന്‍ ഭരണത്തലവന്‍: കെ.സുധാകരന്‍

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

Story Highlights: V muraleedharan, lokayukta ordinance, governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here