ബാബുവിന്റെ രക്ഷ്‌ക്കായി ആർമി സംഘം ; രക്ഷാപ്രവർത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും

മലമ്പുഴ ചേറാട് മലയിൽ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താനായി ആർമിയുടെ രക്ഷാദൗത്യം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിക്കും. രക്ഷാപ്രവർത്തനത്തിനായി പത്ത് പേരടങ്ങുന്ന സംഘം മലമ്പുഴയിലേക്ക് പുറപ്പെട്ടു. ( cherad babu army rescue )
പർവതാരോഹണ രക്ഷാപ്രവർത്തനത്തിലെ വിദഗ്ധരാണ് ആർമി ദൗത്യസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കാർഗിൽ ഓപറേഷൻ, ഉത്തരാഖണ്ഡ് ദൗത്യം എന്നിവയിൽ പങ്കെടുത്തവരാണ് മലമ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചുകഴിഞ്ഞു.
പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാൾ ലെഫ്‌നന്റ് കമാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. യുദ്ധ സമയത്തുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.
Read Also : മകന് ഭക്ഷണമെങ്കിലും എത്തിക്കണം, ആശങ്കയോടെ ബാബുവിന്റെ അമ്മ
ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് ബാബു എന്ന യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്.
Story Highlights: cherad babu army rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here