കൊവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നരയ്ക്ക് ഓൺലൈനായാണ് യോഗം. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏത് തരത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും. (covid meeting pinarayi vijayan)
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിൻവലിച്ചേക്കും. ക്യാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതേ സമയം, ക്യാറ്റഗറിയിലെ ജില്ലകൾ പുന:ക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകൾ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളിൽ ഞായറാഴ്ചകളിൽ 20 പേർക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും, ടി പി ആർ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നൽകുന്നു.
Read Also : ശ്രീചിത്രയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്‌പെഷ്യല്‍ ലീവ്; 24 ഇംപാക്ട്
സംസ്ഥാനത്ത് ഇന്നലെ 22,524 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,65,565 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9384 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 847 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,01,424 കൊവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്നലെ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 113 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 733 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.
Story Highlights: covid meeting today pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here