ഗോവയിലെ തെരഞ്ഞെടുപ്പ്, ക്രിമിനല്‍ കേസുള്ളത് 26 % സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ

301 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ള ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 26 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 77 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളത്. ഇതില്‍ത്തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുള്ളത് എട്ട് ശതമാനം പേര്‍ക്കെതിരെയാണ്. (Goa Legislative Assembly election)
ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസിലെ 17 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും(46 ശതമാനം) ബി.ജെ.പിയുടെ 10 സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയുമാണ് (25 ശതമാനം) ക്രിമിനല്‍ കേസ് നിലവിലുള്ളത്.
Read Also : ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല: 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് ദിഗംബർ കാമത്ത്
മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയിലെ 13 പേരില്‍ ആറ് പേര്‍ക്കെതിരേയും മൂന്ന് സീറ്റില്‍ മത്സരിക്കുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍ ഒരാള്‍ക്കെതിരേയും 13 സീറ്റില്‍ മത്സരിക്കുന്ന എന്‍.സി.പിയുടെ 4 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. തൃണമൂലിന്റെ 26 സ്ഥാനാര്‍ത്ഥികളില്‍ 6 പേര്‍ക്കെതിരേയും ആം ആദ്മി പാര്‍ട്ടിയുടെ 39 സ്ഥാനാര്‍ത്ഥികളില്‍ 9 പേര്‍ക്കെതിരേയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 12 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിനാണ് കേസുള്ളത്. ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മത്സരരംഗത്തുള്ള 187 സ്ഥാനാര്‍ത്ഥികള്‍ (62 ശതമാനം) കോടിപതികളാണ്. 31 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്ക് 5 കോടിയില്‍ കൂടുതലാണ് ആസ്തി. 16 ശതമാനം പേര്‍ക്ക് 2 കോടി മുതല്‍ 5 കോടി രൂപ വരെ, 20 ശതമാനം പേര്‍ക്ക് 10 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ, 11 ശതമാനം പേര്‍ക്ക് 10 ലക്ഷം രൂപയില്‍ താഴെ എന്നിങ്ങനെയാണ് കണക്ക്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
Read Also : യു.പിയിലെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ സംസ്ഥാനം കൊള്ളയടിച്ചെന്ന് മോദി
ബി.ജെ.പി സ്ഥാനാര്‍ത്ഥികളില്‍ 95 ശതമാനം പേരും കോടീശ്വരന്മാരാണ്. കോണ്‍ഗ്രസിന്റെ 87 ശതമാനം, എം.ജി.പിയുടെ 69 ശതമാനം, തൃണമൂലിന്റെ 65 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്‍മാരാണ്. ജി.എഫ്.പിയുടെ 67 ശതമാനം, എ.എ.പിയുടെ 62 ശതമാനം, എന്‍.സി.പിയുടെ 62 ശതമാനം പേരും കോടിപതികളാണ്. ബിചോലിമിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് 59 കോടി രൂപയുടെ ആസ്തിയാണുള്ളത്. കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്തുള്ളത് 92 കോടി രൂപ വീതം ആസ്തിയുള്ള കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയും ഭാര്യ ഡെലീലയുമാണ്.
തെക്കന്‍ ഗോവയില്‍ നിന്ന് 156 സ്ഥാനാര്‍ത്ഥികളും വടക്കന്‍ ഗോവയില്‍ നിന്ന് 145 പേരുമാണ് മത്സരിക്കുന്നത്. ബി.ജെ.പി 40 മണ്ഡലങ്ങളിലും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസ് 37 ഇടത്തും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്നിടത്തും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 26 ഇടത്തും എന്‍.സി.പി 13 ഇടത്തും എ.എ.പി 39ലും ശിവസേന 11ലും എം.ജി.പി 13ലും ഗോയഞ്ചോ സ്വാഭിമാന്‍ പാര്‍ട്ടി നാലിലും ജയ് മഹാഭാരത് പാര്‍ട്ടി ആറിലും സംഭാജി ബ്രിഗേഡ് മൂന്ന് സീറ്റിലും മത്സരിക്കും. റവല്യൂഷണറി ഗോവ പാര്‍ട്ടി 38 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
Story Highlights: Goa Elections 2022: 26 pc candidates booked in criminal cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here