Advertisement

ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍; ഗൂഗിള്‍ ക്രോമിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍

February 8, 2022
Google News 1 minute Read

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീം വിലയിരുത്തി.

സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനായി എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉടനടി അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം ആര്‍ബിറ്ററി കോഡുകളാല്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാനാകും. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നാണ് അറിയിപ്പ്.

98.0.4758.80ന് മുന്‍പുള്ള എല്ലാ ഗൂഗിള്‍ ക്രോം വേര്‍ഷനുകളും ഹാക്ക് ചെയ്യപ്പെടാനിടയുണ്ടെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് ടീമിന്റെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ വിന്‍ഡോസ്, ലിനക്‌സ്, മാക് ഉപയോക്താക്കള്‍ക്കായി ക്രോം 98 പുറത്തിറക്കിയതായി ഗൂഗില്‍ അറിയിച്ചിരുന്നു. ആകെ 27 സെക്യൂരിറ്റി ഫിക്‌സുകളോടെയാണ് ഈ അപ്‌ഡേറ്റ് പുറത്തിറക്കിയതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ബാക്ഗ്രൗണ്ടില്‍ തന്നെ ഗൂഗിള്‍ ക്രോം ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ആവാനാണ് സാധ്യത. ഇനി അഥവാ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ ശ്രദ്ധയോടെ അടിയന്തരമായി ക്രോം മാനുവലി അപ്‌ഡേറ്റ് ചെയ്തിരിക്കണം. പുതിയ അപ്‌ഡേറ്റ് റീലോഞ്ച് ചെയ്യുന്നതോടെ സുരക്ഷാ പ്രശ്‌നങ്ങളില്‍ നിന്നും ഒരു പരിധിവരെ ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാനാകും.

Story Highlights: google chrome security alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here