ജയിച്ചാൽ ഇന്ത്യക്ക് കിരീടം; വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം നാളെ

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം നാളെ. ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യക്ക് നാളത്തെ മത്സരത്തിൽ കൂടി വിജയിച്ചാൽ പരമ്പര നേടാനാവും. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30നാണ് മത്സരം. ഏറെക്കുറെ പൂർണമായ രീതിയിൽ ആദ്യ കളി സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ ഒരു മാറ്റമേ ഉണ്ടാവാനിടയുള്ളൂ. ആദ്യ മത്സരത്തിൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷൻ കിഷൻ നാളെ പുറത്തിരിക്കും. ടീം സെലക്ഷന് ലഭ്യമായ ലോകേഷ് രാഹുൽ പകരം ഓപ്പണറാവും. (india west indies odi)
രോഹിത് ശർമ്മ എന്തുകൊണ്ട് മികച്ച ക്യാപ്റ്റനാവുന്നു എന്നതിൻ്റെ കൃത്യമായ ഉത്തരമാണ് കഴിഞ്ഞ കളിയിൽ ലഭിച്ചത്. കൃത്യതയോടെ നടത്തിയ ബൗളിംഗ് ചേഞ്ചുകളും ഡിആർഎസിലൂടെ നേടിയെടുത്ത വിക്കറ്റും ഫീൽഡ് പ്ലേസ്മെൻ്റുകളുമൊക്കെ രോഹിതിലെ നല്ല നായകനെ അടയാളപ്പെടുത്തി. മുഹമ്മദ് സിറാജിനെക്കൊണ്ട് ബൗളിംഗ് ഓപ്പൺ ചെയ്യിച്ചതും, വാഷിംഗ്ടൺ സുന്ദറിനെ പവർപ്ലേയിൽ ഉപയോഗിച്ചതും, എഫക്ടീവാകുന്നില്ലെന്ന് കണ്ടെത്തിയ ശർദ്ദുൽ താക്കൂറിനെ പിന്നീട് ഉപയോഗിക്കാതിരുന്നതുമൊക്കെ രോഹിതിലെ ക്യാപ്റ്റന് മാർക്ക് നൽകാവുന്ന ഘടകങ്ങളായിരുന്നു. നേരത്തെ തന്നെ മികച്ച ക്യാപ്റ്റനെന്ന് പേരെടുത്തിട്ടുള്ള രോഹിത് ആ വിശേഷണത്തോട് പൂർണമായും നീതിപുലർത്തി. ബാറ്ററായും രോഹിത് തിളങ്ങി.
Read Also : ക്യാപ്റ്റൻ നയിച്ചു; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം
ആദ്യ ഏകദിനത്തിൽ ഇന്ത്യ 6 വിക്കറ്റിനാണ് വിൻഡീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 176 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യൻ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 28 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 60 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിനെ നയിച്ചത്. സൂര്യകുമാർ യാദവ് 34 റൺസെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 57 റൺസെടുത്ത ജേസൻ ഹോൾഡർ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾക്കൊഴികെ മറ്റെല്ലാവർക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആർക്കും അത് മുതലെടുക്കാനായില്ല. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ നാലും വാഷിംഗ്ടൺ സുന്ദർ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: india west indies 2nd odi tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here