കുറവൻകോണം കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിവരങ്ങൾ ലഭിച്ചു

തിരുവനന്തപുരം കുറവൻകോണത്ത് കടയ്ക്കുള്ളിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെപ്പറ്റിയുള്ള നിർണായക വിവരങ്ങളും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. സംഭവം നടന്ന ദിവസം അമ്പലമുക്ക്-കുറവൻകോണം റോഡിലൂടെ സംശയാസ്പദമായി നടന്നുപോകുന്നയാളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ കയ്യിൽ മുറിപ്പാടുണ്ടായിരുന്നു എന്ന സാക്ഷിമൊഴിയും പൊലീസിനു ലഭിച്ചു.
നെടുമങ്ങാട് സ്വദേശി വിനീത (38) യാണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ചോരവാർന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
Story Highlights: kuravan konam murer police investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here