‘ഇതാണെന്റെ മുത്തുമോൻ’; മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി യുവാവ്; വിഡിയോ വൈറൽ

മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി യുവാവ് സ്‌കൂട്ടറിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ്
മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകിൽ വച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ( drunk man catch snake )
കഴിഞ്ഞമാസം 30 ന് രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്‌കൂട്ടറിൽ വരുന്ന വഴിയാണ് ജിത്തു പെരുമ്പാമ്പിനെ വഴിയരികിൽ കാണുന്നത്. ഉടൻ വണ്ടി നിർത്തി പാമ്പിനെയെടുത്ത് പിന്നിലെ സീറ്റിൽ വയ്ക്കുകയായിരുന്നു. സ്വന്തം മകനോട് സംസാരിക്കുന്നത് പോലെയാണ് യുവാവ് പാമ്പിനോട് സംസാരിക്കുന്നത്. ഈ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ ഇങ്ങോട്ട് കുത്തിരിക്ക്. പറഞ്ഞാ കേക്ക്.. നമുക്ക് കള്ളുകുടുക്കാൻ പോകണ്ടേ ?’ – പാമ്പിനോടുള്ള യുവാവിന്റെ സംഭാഷണം ഇങ്ങനെ നീളുന്നു.
പൊലീസുകാർക്ക് ജിത്തു നൽകിയ പാമ്പിനെ പൊലീസ് വനപാലകർക്ക് കൈമാറി. വനപാലകർക്ക് നൽകിയ പാമ്പിനെ കാട്ടിൽ വിട്ടിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാമ്പിനെ കിട്ടിയതിന് പിന്നിൽ അങ്ങനെയൊരു കഥയുണ്ടെന്ന് വനം വകുപ്പ് അറിയുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: drunk man catch snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here