ബാബുവിന് വെള്ളമെത്തിക്കാന്‍ തീവ്രശ്രമം; രക്ഷാദൗത്യത്തിന് ട്വന്റിഫോറും ഒപ്പം

മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിയ യുവാവിന്റെ രക്ഷാദൗത്യത്തിന് ട്വന്റിഫോറും പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇന്‍സ്പയര്‍ 2 ഡ്രോണ്‍ ആണ് ട്വന്റിഫോര്‍ സംഘം എത്തിച്ചുനല്‍കിയത്. അഞ്ച് കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശിയാലും മൂന്ന് കിലോ ഭാരം വരെ ഡ്രോണിന് താങ്ങാനാകും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 25 മിനിറ്റ് പറക്കാന്‍ സാധിക്കും. ഒപ്പം സ്റ്റാര്‍ട്ടിങ് പൊസിഷനിലേക്ക് തിരിച്ചെത്താനും സാധിക്കും.
മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന് കുടിവെള്ളമെത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സൈനിക ദൗത്യസംഘം അറിയിച്ചു. താഴെ നിന്ന് വെള്ളം കൈമാറാനാകില്ലെന്നും മറ്റൊരു വഴിയിലൂടെ ബാബുവിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള കരസേനയുടെ തത്സമയ സന്ദേശം 24ന് ലഭിച്ചു. രക്ഷാദൗത്യ സംഘത്തോടൊപ്പമുള്ള കരിമ്പ സ്വദേശി ഷമീര്‍ ആണ് വിവരങ്ങള്‍ ട്വന്റിഫോറുമായി പങ്കുവയ്ക്കുന്നത്. ബാബു ഉറങ്ങാതിരിക്കുകയാണെന്നും കരസേനയുമായി സംസാരിച്ചെന്നും ഷമീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അതിനിടെ മകന്‍ രക്ഷപെട്ട് തിരികെ വരുന്നതുവരെ എവിടേക്കും പോകില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ ട്വന്റിഫോറിനോട് പറഞ്ഞു. മകന്റെ അരികില്‍ കരസേനാ സംഘമെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. മകന്‍ ഭക്ഷണം കഴിച്ചെന്ന് കൂടി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ഉമ്മ പ്രതികരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗര്‍ത്തത്തില്‍ ഇറങ്ങിയത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി. സംഘാംഗങ്ങള്‍ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ബെംഗളൂരുവില്‍ നിന്നുള്ള പാരാ കമാന്‍ഡോസും രക്ഷാദൗത്യത്തിനായി മലമ്പുഴയിലെത്തിയിട്ടുണ്ട്. എയര്‍ഫോഴ്‌സ് വിമാനത്തില്‍ സുലൂരുലെത്തിയ കരസേനാ സംഘം റോഡ് മാര്‍ഗം മലമ്പുഴയിലെത്തിയിട്ടുണ്ട്.
Read Also : ബാബുവുമായി ദൗത്യസംഘം സംസാരിച്ചു; വെള്ളം ചോദിച്ചതായി കരസേന; 24 Exclusive
പകല്‍ സമയത്തടക്കം യുവാവിന് ഭക്ഷണമടക്കം എത്തിക്കാന്‍ ഡ്രോണുകള്‍ വഴിയും രക്ഷപെടുത്താന്‍ ഹെലികോപ്റ്റര്‍ വഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിര്‍ത്താനോ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോകുകയും ചെയ്തു. ഇന്നലെയാണ് ചെറാട് സ്വദേശിയായ ബാബു ട്രക്കിംഗിനിടെ മലയിടുക്കില്‍ കുടുങ്ങിയത്.
Story Highlights: malampuzha babu, trucking, trapped, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here