Advertisement

എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി; വീണാ ജോർജ്

February 10, 2022
Google News 1 minute Read
veena george about hospital covid beds

എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. കോഴ്‌സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് മെഡിക്കല്‍ കോളജുകളിലും കോഴ്‌സിനുള്ള അനുമതി ലഭിക്കാന്‍ ശ്രമിക്കും. കൂടുതല്‍ എമര്‍ജന്‍സി ഡോക്ടര്‍മാരെ സൃഷ്ടിക്കാനും ഭാവിയില്‍ അത്യാഹിത വിഭാഗ ചികിത്സയില്‍ പ്രയോജനപ്പെടുത്താനും സാധിക്കും. സർക്കാരിന് ഇതുവരെ 18 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് അടിയന്തര പരിചരണം ഉറപ്പാക്കാന്‍ പച്ച, മഞ്ഞ, ചുവപ്പ് മേഖലകള്‍ എന്നിവയെല്ലാം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ഏകോപിപ്പിച്ചുണ്ട്.

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു അപെക്‌സ് ട്രോമ & എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ (എ.ടി.ഇ.എല്‍.സി.) ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ സെന്റര്‍ വഴി വിദഗ്ധ പരിശീലനം നല്‍കുകയും അവര്‍ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധതരം എമര്‍ജന്‍സി & ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഈ സെന്ററില്‍ നടത്തി വരുന്നത്.

Story Highlights: permission-for-pg-course-in-emergency-medicine-veena-george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here